ഊരത്തൂരിലെ കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന സംശയമുയർന്നിട്ടുണ്ട്.ദുരൂഹതയുള്ളതിനാൽ ഭർത്താവിനെ ഇരിക്കൂർ എസ്.എച്ച്.ഒ. രാജേഷ് ആയോടൻ കസ്റ്റഡിയിലെടുത്തു. ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ദമ്പതിമാർ മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് തൊട്ടടുത്ത മുറിയിലുണ്ടായ ബന്ധുക്കൾ പറയുന്നത്. വയനാട്ടിലുള്ളപ്പോഴും രജനിയെ ഭർത്താവ് മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇതേപോലെ വഴക്ക് നടന്നിരുന്നു. എന്നാൽ വഴക്കിന് ശേഷം താൻ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്.