ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്ന് കിട്ടിയ പക്ഷി കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറെ കാണാന്‍ പോയ നാലാം ക്ലാസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പക്ഷിക്കുഞ്ഞിനെയും കൈയില്‍ പിടിച്ചു നില്‍ക്കുന്ന കണ്ണൂർ പരിക്കളം ശാരദാ വിലാസം എയുപി സ്കൂള്‍ വിദ്യാർഥി ജനിത്ത് രാജേഷിന്‍റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജനിത്തും സുഹൃത്ത് ശ്രാവണനും ഡോക്ടറെ കാണാൻ പോകുന്നത് കണ്ട അധ്യാപികയെടുത്ത ഫോട്ടോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
'വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു പക്ഷിക്കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അനക്കമൊന്നും ഇല്ലായിരുന്നു.വെള്ളം കൊടുത്ത് നോക്കിയിട്ടും അനങ്ങിയില്ല.
അപ്പോഴാണ് അതിനെയുമെടുത്ത് ആശുപത്രിയില്‍ പോയത്. ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്'. ജനിത്ത് പറഞ്ഞു.
എന്നാല്‍ പക്ഷിക്കുഞ്ഞ് മരിച്ചുപോയെന്ന് പറഞ്ഞപ്പോ സങ്കടമായെന്ന് സുഹൃത്തായ ശ്രാവണ്‍ പറയുന്നു.
ജനിത്തും ശ്രാവണും കൂടി സൈക്കിളിലാണ് പക്ഷിക്കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലേക്ക് പോയത്. ചെറിയ ജീവനുണ്ട് ഡോക്ടറെ കാണിച്ചോട്ടെ എന്ന് ചോദിച്ചപ്പോഴാണ് ഫോട്ടോ എടുത്തതെന്ന് അധ്യാപിക പറയുന്നു.
മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം....
ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ...
ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല, ഈ വാർത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും.
കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ ശാരദ വിലാസം എ.യു.പി. സ്കൂളിലെ നാലാം ക്ലാസുകാരനായ പ്രിയപ്പെട്ട ജനിത്ത്, വഴിയരികില്‍ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.
ഉപേക്ഷിച്ചു പോകാൻ ആ കുഞ്ഞുമനസ്സിന് കഴിഞ്ഞില്ല. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വിജയം.
പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാർത്ഥിയുടെയും മനസ്സില്‍ വിരിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയ സ്പർശിയായ നിമിഷം ക്യാമറയില്‍ പകർത്തി സ്കൂള്‍ അധികൃതരെ അറിയിച്ച ഡോക്ടർക്കും, ഈ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ശാരദ വിലാസം എ.യു.പി. സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കള്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്നേഹാഭിനന്ദനങ്ങള്‍. മോനെയോർത്ത് ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതില്‍ നമുക്കേവർക്കും സന്തോഷിക്കാം.