ഇരിട്ടി: മേഖലയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇരിട്ടി നഗരസഭാ ആരോഗ്യവിഭാഗം പരിശോധന കർശനമാക്കി. ഇരിട്ടി ടൗൺ, കീഴൂർ, പയഞ്ചേരി എന്നിവിടങ്ങളിലെ പതിനെട്ടോളം ഹോട്ടലുകളിലാണ് ബുധനാഴ്ച മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ അഞ്ചോളം ഹോട്ടലുകളിൽ നിന്ന് വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ദിവസങ്ങൾ പഴക്കമുള്ള ബീഫ് കറി, മീൻ കറി, പൊരിച്ച മത്സ്യം, കുബ്ബൂസ്, സലാഡ്, പച്ചടി എന്നിവയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം.
