Zygo-Ad

പ്രദേശത്ത് ഭീതി പടർത്തി പുലി: അയ്യൻകുന്നിൽ നാട്ടുകാരായ യുവാക്കൾക്ക് നേരെ ചാടി വീണു: ഓടിയതിനാൽ രക്ഷപ്പെട്ടു


ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ പുലി പ്രദേശവാസികൾക്ക് നേരെ ചാടിയതായി നാട്ടുകാർ.

വട്ടക്കാട്ടിൽ സന്തോഷ്, വട്ടക്കാട്ടിൽ അമൽ എന്നിവർക്കു നേരെയാണ് പുലി ചാടിയത്. ഇവർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചരൾ ഓസിക്കുന്നിലായിരുന്നു സംഭവം. 

രണ്ടു ദിവസം മുൻപ് പ്രദേശവാസിയായ രവിയുടെ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. ശബ്ദം കേട്ട് രവി വീടിനുള്ളിൽ നിന്നു ഇറങ്ങി വന്നതോടെ പട്ടിയെ ഉപേക്ഷിച്ചു പുലി ഓടി മറഞ്ഞു.

ഇതിനിടെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും വളർത്തു നായയെ കാണാതാവുകയും ചെയ്തിരുന്നു. 

വ്യാഴാഴ്ച വൈകിട്ട് തൻ്റെ വീടിനു സമീപം വീണ്ടും പുലി എത്തിയതായി രവി സമീപവാസികളെ അറിയിച്ചിരുന്നു. ഇതേത്തുടർന്നു സന്തോഷും അമലും രവിയുടെ വീടിന് സമീപം എത്തുന്ന സമയത്താണ് പുലി ഇവർക്കു നേരേ ചാടിയത്. 

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌സൺ കാരക്കാട്ട്, പഞ്ചായത്ത് അംഗം ബിജു ജോസഫ് എന്നിവർ സ്‌ഥലത്തെത്തി. ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റർ സി. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

വളരെ പുതിയ വളരെ പഴയ