2022-23 വർഷത്തെ തലശ്ശേരി നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവം 2022 നവംബർ 11, 14, 15, 16 തീയ്യതികളിലായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.14 ന് 9.30 ന് തലശ്ശേരി നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.ഗീത പതാക ഉയർത്തും.ഡോ. വി.ശിവദാസൻ എം.പി.ഉദ്ഘാടനം ചെയ്യും.വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത അധ്യക്ഷത വഹിക്കും. 16ന് 5.30ന് സമാപന സമ്മേളനം അഡ്വ. പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത അധ്യക്ഷത വഹിക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഉപജില്ലയിലെ 80 വിദ്യാലയങ്ങളിൽ നിന്നായി 5000ത്തോളം വിദ്യാർഥി പ്രതിഭകൾ മേളയിൽ പങ്കെടുക്കും.
നാല് ദിവസങ്ങളിലായി 8 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുക. പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും കലോത്സവം നടക്കുക. ലഹരി വിരുദ്ധ പരിപാടികളും കലോത്സവത്തിൻ്റെ ഭാഗമായി നടക്കും. കലോത്സവത്തിൻ്റെ മുന്നോടിയായുള്ള വിളംബര ജാഥ നാളെ 3 മണിക്ക് നടക്കും. (9.11.2022, ബുധനാഴ്ച) നടക്കും.പാല മുതൽ വാളാങ്കിച്ചാൽ വരെ നടക്കുന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും നാടൻപാട്ട്, വാദ്യകലാകാരന്മാരും അണിനിരക്കും. കലോത്സവത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക സപ്ലിമെൻ്റിൻ്റെ പ്രകാശനവും നാളെ (9.11.2022, ബുധനാഴ്ച) നടക്കും.11 ന് രചനാ മത്സരങ്ങൾ നടക്കും.
പത്രസമ്മേളനത്തിൽ കലോത്സവ കമ്മിറ്റി ഭാരവാഹികളായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഗീത, പ്രധാനാധ്യാപിക രജനി അതിയേടത്ത്, എച്ച് എം. ഫോറം സെക്രട്ടറി കെ.ഷീജിത്ത്, പി ടി എ പ്രസിഡൻ്റ് പി.കെ.ഉത്തമൻ, പ്രോഗ്രാം കൺവീനർ കെ.പി.രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഒ.കെ.സിന്ധു എന്നിവർ പങ്കെടുത്തു.