മട്ടന്നൂർ: സ്‌കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്രീയമായി കായിക പരിശീലനം നല്‍കുന്നതിനായി സമഗ്ര കായിക പോഷണ പദ്ധതി നടപ്പാക്കി മട്ടന്നൂര്‍ നഗരസഭ. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്റെ തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്.
വിരമിച്ച കായിക അധ്യാപകരെയും കായിക ബിരുദം നേടിയ തൊഴില്‍രഹിതരായ യുവതീ-യുവാക്കളെയും ഉപയോഗപ്പെടുത്തി സ്‌കൂളുകളില്‍ ശാസ്ത്രീയമായി വ്യായാമ മുറകളും കായിക ഇനങ്ങളും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ നഗരസഭയിലെ 20 സ്‌കൂളുകളില്‍ രണ്ട് സ്‌കൂളില്‍ മാത്രമേ കായിക അധ്യാപകരുള്ളൂ. ബാക്കിയുള്ള 18 സ്‌കൂളുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് പ്രാഥമികമായ കായിക അറിവുകള്‍ നല്‍കുന്നത്.
ഈ സാഹചര്യം മനസിലാക്കിയാണ് നഗരസഭ 18 സ്‌കൂളുകളില്‍ സമഗ്ര കായിക പോഷണ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ മൂന്നുദിവസം ഓരോ സ്‌കൂളിലും പരിശീലകരുടെ സേവനം ലഭിക്കും. ഇവര്‍ക്ക് ആവശ്യമായ യാത്രാബത്ത ലഭ്യമാക്കും. തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകള്‍ക്കും ആവശ്യമായ കായിക ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ തലത്തിലെ പരിശീലനത്തില്‍ മികവു കാണിക്കുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് അഭിരുചിയുള്ള മേഖലകളില്‍ പ്രത്യേക പരിശീലനവും നല്‍കും. ഇതിനായി ഡിസംബര്‍ മാസം നഗരസഭയിലെ രണ്ടു കേന്ദ്രങ്ങളില്‍ അവധിക്കാല പ്രത്യേക കായിക പരിശീലന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. 10 ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിക്കുക.
2022-23 സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കി വെച്ചത്.
സ്‌കൂളുകളിലെ പി ടി എയുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. മാതൃകാപരമായ ഒരു പ്രവര്‍ത്തനമാണ് മട്ടന്നൂര്‍ നഗരസഭ ഏറ്റെടുത്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ പറഞ്ഞു.