Zygo-Ad

എടൂരമ്മയുടെ ദേവാലയം ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രം


എടൂര്‍: എടൂര്‍ സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തെ ആർക്കി എപ്പിസ്കോപ്പല്‍ മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

തലശ്ശേരി അതിരൂപതയില്‍ ഈ പദവിയിലേക്കുയർത്തപ്പെടുന്ന ആദ്യ ദേവാലയമാണ് എടൂർ. ഇന്നലെ വൈകുന്നേരം 6.15ന് മരിയൻ തീർഥാടനത്തിന് മുന്നോടിയായുള്ള മരിയൻ സന്ധ്യയക്ക് ശേഷം ആർച്ച്‌ ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനം നട‌ത്തിയത്. 

അതിരൂപത വൈസ് ചാന്‍സലര്‍ ഫാ.ജോസഫ് റാത്തപ്പള്ളില്‍ തീർഥാടന കേന്ദ്രമാക്കാനുള്ള തീരുമാനത്തിന്‍റെ ഡിക്രി വായിച്ചു. 

തുടര്‍ന്ന് ആര്‍ച്ച്‌ ബിഷപ്മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു. എടൂര്‍ ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍, തലശ്ശേരി രൂപത ജുഡിഷ്യല്‍ വികാർ റവ. ഡോ.ജോസ് വെട്ടിക്കല്‍, പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ ചർച്ച്‌ ആർച്ച്‌ പ്രീസ്റ്റ് ഫാ. ഷാജി തെക്കേമുറിയില്‍, ഫാ. കുര്യാക്കോസ് കളരിക്കല്‍ (കരിക്കോട്ടക്കരി), ഫാ. മാര്‍ട്ടിന്‍ കിഴക്കേ തലയ്ക്കല്‍ (വെളിമാനം), ഫാ.പോള്‍ ചക്കാനിക്കുന്നേല്‍ (എടപ്പുഴ), ഫാ. മനോജ് കൊച്ചുപുരയ്ക്കല്‍ (മാങ്ങോട്), ഫാ. മാത്യു ചക്യാരത്ത് (കീഴ്പള്ളി), ഫാ.പോള്‍ കണ്ടത്തില്‍ (ചെടിക്കുളം), ഫാ.സുനില്‍ തോമസ് (ഉരുപ്പുംകുറ്റി), ഫാ. മാര്‍ട്ടിന്‍ പറപ്പള്ളിയാത്ത് (വട്ട്യറ), ഫാ. എബിൻ മുള്ളംകുഴി (കരിക്കോട്ടക്കരി അസി.വികാരി), ഫാ.തോമസ് പൂകമല (എടൂർ അസി. വികാരി) എന്നിവര്‍ സഹകാര്‍മികരായിരുന്നു.

എടൂര്‍ പള്ളി അങ്കണത്തില്‍ നിന്ന് ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്കുള്ള മരിയന്‍ തീർഥാടന ജപമാല റാലി ആരംഭിച്ചു. 

എടൂരിന്‍റെ അനുഗ്രഹ വർഷം

എടൂർ: കുടിയേറ്റത്തിന്‍റെ പുണ്യഭൂമിയായ എടൂരില്‍ 1949ലാണ് രൂപതയ്ക്കും മുമ്പേ ഇടവക സ്ഥാപിതമാകുന്നത്. 1970 ല്‍ പണി തീർത്ത് പരിശുദ്ധ കന്യകാ മറിയത്തിന് പ്രതിഷ്ഠി ക്കപ്പെട്ട ഈ ദേവാലയം കാലാകാലങ്ങളായി സർവമത വിശ്വസികളുടെയും ആശ്രയ കേന്ദ്രമാണ്. 

പരിശുദ്ധ കന്യകാ മറിയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന എടൂർ ഇടവക ദേവാലയത്തെ ആർക്കി എപ്പിസ്‌ക്കോപ്പല്‍ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ പ്രാർഥനാ ചൈതന്യവും ദൈവാനുഗ്രഹവുമാണ് ദേശത്തിന് ലഭിക്കുന്നത്. 

ആർക്കി എപ്പിസ്‌ക്കോപ്പല്‍ തീർഥാടന കേന്ദ്രമായി ഉയർത്തിയതോടെ ദേവാലയം സന്ദർശിച്ച്‌ പ്രാർഥിക്കുന്നവർക്ക് ദണ്ഡ വിമോചനം ലഭിക്കും. 

ഇതിനായി സഭ നിർദേശിക്കുന്നത് കുമ്പസാരിച്ച്‌ വിശുദ്ധ കാർബാന സ്വീകരിക്കുക, പാപത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന ആഗ്രഹം ഉണ്ടായിരിക്കുക, ജപമാല പ്രാർഥന ചൊല്ലുക, പരിശുദ്ധ പിതാവിന്‍റെ നിയോഗത്തിനു വേണ്ടി പ്രാർഥിക്കുക, കാരുണ്യ പ്രവർത്തികള്‍ ചെയ്യുക, ഭാരതത്തിന്‍റെ സുവിശേഷ വത്കരണത്തിനു വേണ്ടി പ്രാർഥിക്കുക എന്നിങ്ങനെ ദണ്ഡ വിമോചന പ്രാപ്‌തിക്കാവശ്യകമായ വ്യവസ്‌ഥകള്‍ പാലിക്കുകയാണ്. 

ഇത് പിന്തുടരുന്നവർ ദേവാലയത്തില്‍ പ്രവേശിച്ച്‌ പ്രാർഥിക്കുമ്പോള്‍ പൂർണ ദണ്ഡ‌ വിമോചനം ലഭിക്കുമെന്നാണ് സഭ നിഷ്കർഷിക്കുന്നത്.

വളരെ പുതിയ വളരെ പഴയ