ഉളിക്കല്‍: നുച്യാട്ടെ വീട്ടില്‍ ഉണക്കാനിട്ട 80 ഓളം റബർ ഷീറ്റുകള്‍ കവർന്ന കേസില്‍ രണ്ടു പേർ അറസ്റ്റില്‍. വലിയ അരീക്കാമല സ്വദേശി ബിബിൻ കുര്യൻ (32), തേർമല സ്വദേശി പ്രശാന്ത് (38) എന്നിവരെയാണ് ഉളിക്കല്‍ സിഐ അരുണ്‍ദാസും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.
സുഹൃത്തുക്കളായ പ്രതികള്‍ക്കെതിരെ സമാന രീതിയില്‍ മറ്റ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ വില്പന നടത്തിയ റബർ ഷീറ്റുകള്‍ ഇരിട്ടിയിലെ ഒരു കടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
എസ്‌ഐ സുരേഷ്, എഎസ്‌ഐ ബിജു, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ബിനീഷ് മാത്യു, പ്രയേഷ്, ഷഫീക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.