Zygo-Ad

മാക്കൂട്ടം ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം: ജൂൺ 5 മുതൽ ജൂലായ് 5 വരെയാണ് നിരോധനം


ഇരിട്ടി: കാലവർഷം ശക്തി പ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മാക്കൂട്ടം ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.

ജൂലായ് അഞ്ച് വരെ ഒരു മാസത്തേക്കാണ് ഭാര വാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്.

കണ്ടെയ്‌നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ, ടോറസ് ലോറികൾ തുടങ്ങിയ വലിയ ചരക്ക് വാഹന ഗതാഗതമാണ്‌ നിരോധിക്കുന്നത്.

ബസ് ഉൾപ്പെടെയുള്ള യാത്ര വാഹനങ്ങൾക്ക് നിരോധനമില്ല. പച്ചക്കറികൾ അടക്കമുള്ള സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല.

നിയമം ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ