അഞ്ചരക്കണ്ടി : പിണറായി സ്‌റ്റേഷന്‍ പരിധിയിലെ എല്ലാ പ്രധാന ജംഗ്ഷനുകളും നിരീക്ഷണത്തിലാക്കി പിണറായി പൊലീസ്. അഞ്ചരക്കണ്ടി ടൗണും പരിസര പ്രദേശത്തുമാണ് പുതുതായി ക്യാമറ സ്ഥാപിച്ചത്. സാമൂഹ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പിണറായി പൊലീസ് സ്റ്റേഷൻ്റെയും വേങ്ങാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജനകീയ കൂട്ടായ്മയുടെ ഇമചിമ്മാത്ത കരുതൽ "തേർഡ് ഐ" ക്യാമറകളുടെ ഉദ്ഘാടനം അഞ്ചരക്കണ്ടി ബർസാൻ ക്ലോപക്സിൽ നടന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
പി നിധിൻരാജ് ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗീത അധ്യക്ഷയായി. തലശേരി എ സി പി പി ബി കിരൺ മുഖ്യാതിഥിയായി. തേർഡ് ഐ ജനകീയ കമ്മിറ്റി ട്രഷറർ പി കെ സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ചന്ദ്രൻ,പിണറായി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ അജീഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി എസ് ബാവിഷ്, കെ കെ പ്രകാശൻ, സി പി സലീം, അത്തിക്ക സുരേന്ദ്രൻ, വി പി സക്കറിയ, അജയൻ പോതിയോടത്ത്, എൻ കെ മുഹമ്മദ്, ബാബു മനോജ്, ഉമർസാലി എന്നിവർ സംസാരിച്ചു. ചക്കരക്കൽ വാർത്ത. സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടി ജംഗ്ഷൻ, ബസ്റ്റാൻ്റ്, കല്ലായി റോഡ്, കല്ലായി, ചെറിയവളപ്പ്, വെൺമണൽ, ഓടക്കാട്, വണ്ണാൻ്റെമെട്ട എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. ഈ പ്രദേശം മുൻപ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് ഉൾപ്പെട്ടതോടെയാണ് 4,25,000 രൂപ ചിലവിൽ പുതുതായി 15 ക്യാമറകൾ കൂടി സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ സഹായത്തോടെ മുന്നേ വിവിധ ജംഗ്ഷനുകളിലായി 38 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ 53 ക്യാമറകൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന സജ്ജമായി. രണ്ടുമാസം കൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി ക്യാമറ വർദ്ധിപ്പിക്കും. ഇവിടങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി പോലീസ് സ്‌റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുമായി ഘടിപ്പിച്ചിട്ടുള്ളതിനാല്‍ 24 മണിക്കൂറും തല്‍സമയ ദൃശ്യങ്ങള്‍ ലഭ്യമാകും. രാത്രി കാലങ്ങളില്‍ വരെ വാഹനങ്ങളുടെ രജിസ്ടര്‍ നമ്പറുകള്‍ തിരിച്ചറിയത്തക്ക വിധത്തിലുള്ള ഏറ്റവും മികച്ച ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.