Zygo-Ad

മാക്കൂട്ടം ചുരം റോഡിൽ പുലി: വാഹനത്തിന് കുറുകെ ചാടി ഓടുന്ന ദൃശ്യം മൊബൈലിൽ

 


ഇരിട്ടി: കൂട്ടുപുഴ - വീരാജ്പേട്ട ചുരം റോഡിലെ മാക്കൂട്ടം വനപാതയിൽ വാഹനത്തിനു കുറുകെ ചാടി ഓടുന്ന പുലിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പതിഞ്ഞു. ഈ മേഖലയിൽ പുലിയെ കാണുന്നത് അപൂർവ്വമായതിനാൽ വനപാലകർക്കും പൊതുജനങ്ങൾക്കും ഇത് വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ബുധനാഴ്ച രാവിലെ 10 മണിയോടെ ഇരിട്ടിയിൽ നിന്ന് വീരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന വിളക്കോട് ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് പുലി ഓടി മറഞ്ഞത്.

സംഭവസമയത്ത്, യാത്രക്കാർ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് മാക്കൂട്ടം വനപാതയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. കൂട്ടുപുഴ കഴിഞ്ഞുള്ള മാക്കൂട്ടത്തിന് സമീപത്ത് വെച്ച് പുഴയുടെ ഭാഗത്തുനിന്നും റോഡ് മുറിച്ചുകടന്ന് വനത്തിനുള്ളിലേക്ക് പുലി അതിവേഗം ഓടിപ്പോകുന്നത് മൊബൈൽ ക്യാമറയിൽ വ്യക്തമായി പതിഞ്ഞു.

മാക്കൂട്ടം വനമേഖലയിൽ കാട്ടാനകളെയും മറ്റ് വന്യജീവികളെയും പതിവായി കാണാറുണ്ടെങ്കിലും, പുലിയുടെ സാന്നിധ്യം ഇവിടെ അപൂർവ്വമാണ്. പുലിയുടെ ദൃശ്യം പതിഞ്ഞതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ