ആറളം: ആറളം മേഖലയിൽ വീണ്ടും കാട്ടാന ഭീതി. ഇന്ന് പുലർച്ചെയോടെ ആറളം പുഴയുടെ കൂടലാട് - കാപ്പുംകടവ് ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. പുഴയിൽ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.
കാട്ടാന സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുഴയോരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും തദ്ദേശ ഭരണകൂടവും അറിയിച്ചു. അയ്യപ്പൻ കാവ്, ചാക്കാട്, ആറളം, പുഴക്കര, കാപ്പുംകടവ്, പറമ്പത്തെ കണ്ടി, കൂടലാട് എന്നീ ഭാഗങ്ങളിലുള്ളവർ പുഴയിൽ ഇറങ്ങുന്നതും തീരപ്രദേശങ്ങളിലൂടെയുള്ള യാത്രയും പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
