പിണറായി: വിനോദവും വിജ്ഞാനവും കലയും സമന്വയിക്കുന്ന പിണറായി പെരുമ മെഗാമേളയ്ക്ക് ഇന്ന് തുടക്കമാകും. കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിൽ രാത്രി 7 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ മുഖ്യതിഥിയായിരിക്കും.
അഞ്ചായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിപുലമായ പന്തലിലാണ് പരിപാടികൾ നടക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം രാത്രി 8 മണിക്ക് പ്രശസ്ത ഗായകൻ ഷഹബാസ് അമനും സംഘവും അവതരിപ്പിക്കുന്ന ഗസൽ ഗാനമേള അരങ്ങേറും.
ദീപാലംകൃതമായി പിണറായി പട്ടണം
മേളയുടെ ഭാഗമായി പിണറായി ടൗൺ മുഴുവൻ ദീപാലങ്കാരങ്ങളാൽ വർണ്ണാഭമായിരിക്കുകയാണ്. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.ടി. ലിബീഷ് നിർവഹിച്ചു.
ശ്രദ്ധേയമായ മറ്റു പരിപാടികൾ:
* പെരുമ ടോക് ഷോ: വൈകിട്ട് 5 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ടോക് ഷോയിൽ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല മുഖ്യപ്രഭാഷണം നടത്തും.
* ഫിലിം ഫെസ്റ്റ്: പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5-ന് സംവിധായകൻ പ്രദീപ് ചൊക്ലി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. 'അരിക്' എന്ന സിനിമയാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.
* നൃത്ത അരങ്ങേറ്റം: പെരുമ നൃത്ത വിദ്യാലയത്തിലെ നാൽപ്പതോളം വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം പെരുമ ചെയർമാൻ കക്കോത്ത് രാജൻ ഉദ്ഘാടനം ചെയ്തു.
