ചെളിനിറഞ്ഞ വയലിൽ ഫുട്ബോൾമത്സരവും വനിതകളുടെ കമ്പവലിയും ഒപ്പം നാടൻപാട്ടും. ഊർപ്പള്ളി വയലിൽ നടന്ന മഴയുത്സവം അക്ഷരാർഥത്തിൽ ഉത്സവമായി.
ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി. കെ. വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, എം. പി. പ്രദീപ്, മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കൊടേരി, എം. പി. ആസാദ്, എസ്. ഐ. മാരായ കെ. ടി. സന്ദീപ്, വി. ദീപ്തി എന്നിവർ അണിനിരന്ന പോലീസ് ടീമും മാധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മഡ് ഫുട്ബോൾ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളിന് പോലീസ് ടീം ജേതാക്കളായി.
സേവ് ഊർപ്പള്ളി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ, വേങ്ങാട് പഞ്ചായത്ത്, കണ്ണൂർ ആസ്റ്റർ മിംസ് എന്നിവ ചേർന്നാണ് മഴയുത്സവം സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രൻ അധ്യക്ഷനായി. സ്ഥലം മാറിപ്പോകുന്ന കൂത്തുപറമ്പ് എസ്. ഐ. കെ. ടി. സന്ദീപിനെ നാരായണിയമ്മ പൊന്നാട അണിയിച്ചു.