Zygo-Ad

ഉളിക്കൽ പഞ്ചായത്തിൽ കണ്ടത് കടുവയേ തന്നെ,ഉളിക്കൽ, പായം പഞ്ചായത്തുകളിൽ അതി ജാഗ്രതാ നിർദേശം

ഉളിക്കൽ, പായം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ മൂന്ന്‌ ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയത്‌ കടുവ തന്നെയെന്ന്‌ വനം വകുപ്പ്‌ സ്ഥിരീകരിച്ചു. പായത്തെ വിളമനയിൽ തിങ്കൾ രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ്‌ വനം വകുപ്പ്‌ തളിപ്പറമ്പ് റേഞ്ചർ പി രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ജനവാസ മേഖലയിൽ ഇറങ്ങിയത്‌ കടുവയെന്ന്‌ സ്ഥിരീകരിച്ചത്.

തോട്ടിൽ രണ്ടിടത്തെ കാൽപ്പാദത്തിന്റെ അളവെടുത്തു. ഫോട്ടോ എടുത്ത്‌ വന്യജീവി വിഭാഗം മേധാവികൾക്ക്‌ അയച്ച ശേഷമാണ്‌ കടുവയുടേതെന്ന്‌ ഉറപ്പിച്ചത്‌. ഉളിക്കൽ, പായം പഞ്ചായത്തുകളിലെ എട്ട്‌ വാർഡുകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

കടുവ സാന്നിധ്യമുള്ള മേഖലയിൽ ജനങ്ങൾ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കരുതെന്നും നാലു ചക്രവാഹന യാത്രയാണ് ഉചിതമെന്നും അധികൃതർ നിർദേശിച്ചു. പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവരും ക്ഷീര കർഷകരും ടാപ്പിങ് തൊഴിലാളികളും പത്ര വിതരണക്കാരും പ്രഭാത സവാരിക്കാരും പ്രത്യേക ജാഗ്രത പുലർത്തണം.

ആളുകൾ കൂട്ടം ചേർന്ന്‌ പോകുന്നതാണ്‌ സുരക്ഷിതമെന്നും വനം, പൊലീസ്‌, തദ്ദേശ വകുപ്പിന്റെ ജാഗ്രതാ നിർദേശം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കടുവ സാന്നിധ്യം ഉറപ്പിച്ച വിളമന മേഖലയിൽ വനം വകുപ്പ്‌ പത്ത്‌ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂട്‌ സ്ഥാപിക്കും. വനം, പൊലീസ്‌ വകുപ്പുകളുടെ നേതൃത്വത്തിൽ 4 യൂണിറ്റുകൾ പട്രോളിങ് തുടങ്ങി.

വളരെ പുതിയ വളരെ പഴയ