പേരാവൂർ: കണ്ണൂരിൽ ബാങ്കിൽ നിന്ന്
ജപ്തിനോട്ടീസ് ലഭിച്ച കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടിനെയാണ് (68) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ
സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.
ഭാര്യ: വത്സ. മക്കൾ: ആശ,അമ്പിളി, സിസ്റ്റർ അനിത.