കണ്ണൂർ: അടക്കാത്തോട് വാളുമുക്ക് കോളനി നിവാസികളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ. ആനമതിൽ കടന്നെത്തിയ കാട്ടാന രണ്ടു വീടുകൾക്ക് നേരെ അക്രമം നടത്തുകയും പ്രദേശവാസികളെ ഏറെ നേരം ഭീതിയുടെ മുന്നിൽമുനയിൽ നിർത്തിയശേഷം ആനമതിൽ കടന്നു തന്നെ വനത്തിലേക്ക് മടങ്ങി.
വ്യാഴാഴ്ച്ച പുലർച്ചെയാണ് കൊമ്പനാന ജനവാസ മേഖലയിൽ കടന്നത്. മുട്ടുമാറ്റി കോച്ചിക്കുളത്ത് ആനമതിലിനോട് ചേർന്ന മരത്തിൽ ചവിട്ടി മതിൽ ചാടിക്കടന്നാണ് ജനവാസ മേഖലയിൽ പ്രവേശിച്ചത്.
ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള വാളമുക്ക് കോളനിയിൽ എത്തിയ കൊമ്പൻ മണിക്കൂറുകളോളം പ്രദേശവാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തി.
പ്രദേശ വാസിയായ കാവുങ്കൽ ഷാജിയുടെ വീട്ടുമുറ്റത്തു കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകൾ തുമ്പിക്കൈകൊണ്ടു വലിച്ചിട്ടു തകർത്തു. നാസർ ഹൌസിലെ റഹീമിന്റെ വീട്ടുമതിലും മുന്നിലെ ഓലഷെഡ്ഡും തകർത്തു. ജനങ്ങൾ കൂട്ടം കൂടി ബഹളം വെച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. ദീർഘനേരം സമീപ പ്രദേശങ്ങളിൽ ഭീതി പരത്തിയ കാട്ടാന ആനമതിലിനോട് ചേർന്ന ഒരു മരം മറിച്ചിട്ട് അതുവഴി മതിൽ കടന്നാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. മതിലിനോട് ചേർന്ന മരങ്ങൾ ജനങ്ങളുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.