മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിന് അഞ്ചായിരം രൂപ പിഴ ചുമത്തി. പറമ്പായിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വേങ്ങാട് പഞ്ചായത്തിന്റെ വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ക്വാർട്ടേഴ്സിന്റെ തൊട്ടടുത്ത പറമ്പിലായി കുഴി നിർമ്മിച്ച് ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൂട്ടിക്കലർത്തിയാണ് നിക്ഷേപിച്ചത്. ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. അടിയന്തരമായി ആവശ്യമായ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിനും പ്ലാസ്റ്റിക് ഉൾപ്പെടെ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനും നിർദ്ദേശം നൽകി. പരിശോധനയ്ക്ക് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെറിൻ ജോൺ, വിജിലൻസ് സ്ക്വാഡ് അംഗം പി രമിഷ എന്നിവർ നേതൃത്വം നൽകി.