കേരള -കർണാടക അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് വീരാജ്പേട്ട എം.എല്‍.എ എ.എസ്. പൊന്നണ്ണ. ഈ ആവശ്യം ഉന്നയിച്ച് ഓള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവ് കൂടിയായ അഡ്വ. പൊന്നണ്ണയുടെ ഉറപ്പ്.
ഇടതടവില്ലാതെ നൂറു കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മാക്കൂട്ടം ചുരം പാത കുണ്ടും കുഴിയും നിറഞ്ഞ് മാസങ്ങളായി തകർന്നിരിക്കുകയാണ്. പൂർണമായി തകർന്ന രണ്ട് കിലോമീറ്റർ റോഡ് റീ ടാറിങ് ചെയ്യാനും ബാക്കി കുറച്ചു ഭാഗത്ത് അറ്റകുറ്റപ്പണിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ആകെയുള്ള 20 കിലോമീറ്ററില്‍ പകുതിയെങ്കിലും റീ ടാറിങ് ചെയ്യാൻ എ.ഐ.കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു. മലയാളിയായ മന്ത്രി കെ.ജെ. ജോർജിന് ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് പൊന്നണ്ണ അറിയിച്ചു.
അന്തർ സംസ്ഥാന പാതയായ തലശ്ശേരി -മൈസൂരു റോഡില്‍ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെ മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ്, ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകള്‍ മൂലം റോഡില്‍നിന്ന് വാഹനമിറക്കിയാല്‍ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റു യാത്ര ബസുകളും അടക്കം 60ഓളം ബസുകള്‍ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും വീരാജ്പേട്ട, മടിക്കേരി ഉള്‍പ്പെടെ നഗരങ്ങളിലേക്കും ഇതുവഴി കടന്നുപോകുന്നു. ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളില്‍നിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.