Zygo-Ad

വെള്ളത്തിലായ ജലനിധി പദ്ധതി


ആലക്കോട്: പഞ്ചായത്തിലെ ജലനിധി പദ്ധതിയില്‍ നിന്നുള്ള ജലവിതരണം നിലച്ചു. 11 വാർഡുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് ഒമ്പതു കോടി രൂപ ചെലവില്‍ നടപ്പാക്കിയ രയറോം-ബീബുംകാട് കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം നിലച്ചത്.

900 ഗുണഭോക്താക്കളാണ് ഇതോടെ ദുരിതത്തിലായത്.

2015-16 വർഷമാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തില്‍ ജലവിതരണം ഇടയ്ക്കിടെ മുടങ്ങിയിരുന്നെങ്കിലും പദ്ധതി തുടർന്നു. പിന്നീട് രണ്ടു വർഷക്കാലം ജല വിതരണം പൂർണമായി മുടങ്ങി. പ്രതിഷേധത്തിനൊടുവില്‍ കഴിഞ്ഞ വർഷം വീണ്ടും ആരംഭിച്ച ജല വിതരണമാണ് കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ മുടങ്ങിക്കിടക്കുന്നത്. 

വെള്ളം കിട്ടിയാലും ഇല്ലെങ്കിലും കൃത്യമായി മാസം തോറും സംഖ്യ പിരിച്ചിരുന്നു. കുടിവെള്ള പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാൻ കാരണം വേനലിലും മറ്റും ജല ലഭ്യതയുടെ കുറവാണ്. എന്നാല്‍, ഈപദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് രയറോം പുഴയിലെ വറ്റാത്ത ചെകുത്താൻ കയത്തില്‍ പണിത തടയണയില്‍ നിന്നായിരുന്നു.

15,000 രൂപ മുതല്‍ 20,000 വരെ ഗുണഭോക്തൃ വിഹിതം അടച്ച്‌ കണക്‌ഷൻ എടുക്കുകയും അതിനു പുറമെ അയ്യായിരത്തിലധികം രൂപ പൈപ്പിന്‍റെ വിലയായി നല്‍കുകയും ചെയ്ത പലർക്കും രണ്ടു മാസം തികച്ചും വെള്ളം കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം മലപ്പുറത്തുള്ള സ്വകാര്യ ഏജൻസിയെ പദ്ധതി നടത്തിപ്പിന്‍റെ ചുമതല ഏല്‍പ്പിച്ചിരുന്നു. അവർ കഴിഞ്ഞ വേനല്‍ക്കാലത്ത് നാലു മാസത്തോളം ഇടവിട്ട് ജല വിതരണം നടത്തി. പിന്നീട് മുടങ്ങി. ഇപ്പോള്‍ പഞ്ചായത്തും പദ്ധതി ഉപേക്ഷിച്ച മട്ടാണ്.

പദ്ധതിയുടെ തുടക്കം മുതല്‍ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ല. നിർമാണ പ്രവൃത്തികളുടെ അപാകത മൂലം പൈപ്പുകള്‍ പൊട്ടുന്നതും പ്രധാന റോഡുകളില്‍ വെള്ളമൊഴുകുന്നതായും ഇടയ്ക്കിടെ ജല വിതരണം മുടങ്ങുന്നതായും പരാതി ഉണ്ടായിരുന്നു. പദ്ധതിയുടെ തുടക്കം മുതല്‍ കമ്മിറ്റി അംഗങ്ങളില്‍ ചേരിതിരിവും പ്രകടമായിരുന്നു. അത് പഞ്ചായത്ത് ഓഫീസില്‍ കൈയാങ്കളിയില്‍ വരെ എത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ