Zygo-Ad

സത്യസന്ധതയുടെ ‘തിളക്കം'; കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ

 


കുറ്റ്യാട്ടൂർ: ജോലിക്കിടയിൽ ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി. സേനാംഗങ്ങളായ ബിന്ദു, ഗൗരി, പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് സത്യസന്ധതയുടെ ഉത്തമ ഉദാഹരണമായി മാറിയത്.

 പാവന്നൂർ മൊട്ട ഐടിഎം കോളേജിന് സമീപത്തുനിന്നാണ് ഇവർക്ക് സ്വർണ്ണ പാദസരം ലഭിച്ചത്. ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കോളേജിന് സമീപം വിദ്യാർത്ഥികൾ എന്തോ തിരയുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അന്വേഷിച്ചപ്പോൾ ഐടിഎം കോളേജിലെ ടിടിസി വിദ്യാർത്ഥിനിയായ ശ്യാമിലിയുടെ പാദസരം നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഭരണം ലഭിച്ചത്.

ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന ആഭരണമാണ് ഇവർ ഉടമസ്ഥയ്ക്ക് കൈമാറിയത്. നിലവിലെ റെക്കോർഡ് സ്വർണ്ണവിലയുടെ കാലത്തും തങ്ങളുടെ പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ ഹരിതകർമ്മ സേനാംഗങ്ങൾ കാണിച്ച ഈ വലിയ മനസ്സിനെ പഞ്ചായത്ത് അധികൃതരും കോളേജ് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

 

വളരെ പുതിയ വളരെ പഴയ