ചക്കരക്കല്ല്: 'ഇപ്പോള്‍ ഫണ്ടില്ല, ഭരണ സമിതിയുടെ അനുമതിയില്ല' ഒരു റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ വർഷങ്ങളായി എത്തുന്നവർക്ക് കിട്ടുന്ന മറുപടിയാണിത്.
പെരളശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കുന്നുമ്മല്‍ക്കരയാല്‍ കനാല്‍ മുഹ്യുദ്ദീൻ ജുമാ മസ്ജിദ്-പൊക്കൻമാവ് റോഡിനോടാണ് അധികൃതരുടെ നിരന്തരമായ അവഗണന. നൂറിലധികം വരുന്ന വീട്ടുകാർ 30 വർഷത്തിലധികമായി ഉപയോഗിക്കുന്ന കനാല്‍ സൈഡ് റോഡ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവഗണന തുടരുകയാണ്.
നാട്ടുകാർ ചേർന്ന് റോഡ് കമ്മിറ്റി രൂപവത്കരിക്കുകയും നിരവധി നിവേദനങ്ങള്‍ കൊടുത്തെങ്കിലും ഇവയൊന്നും തന്നെ മുഖവിലക്കെടുക്കുവാൻ അധികൃതർ തയാറായില്ല. നേരത്തേ മന്ത്രി എം.ബി. രാജേഷിന്റെ അദാലത്തില്‍ റോഡിന്റെ ശോച്യാസ്ഥക്ക് പരിഹാര ആവശ്യവുമായി നിവേദനം നല്‍കിയിരുന്നു. ഇതിനും പരിഹാരമില്ലെന്ന് റോഡ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സമീപ റോഡുകളൊക്കെ ടാറിങ്ങിന് ഫണ്ട് കാണുകയും ടാറിങ് നടത്തുകയും ചെയ്യുമ്പോൾ ഈ റോഡിനോട് മാത്രമെന്താണ് പൂർണമായും അവഗണനയെന്നാണ് നാട്ടുകാർ പറയുന്നത്.
പൊതുവാച്ചേരി സെൻട്രല്‍ യു.പി സ്കൂള്‍, മുഹ്യുദ്ദീൻ ജുമാ മസ്ജിദ്, പൊതുവാച്ചേരി അമ്പലം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശത്തെ പല വീടുകളിലുള്ള പ്രായം ചെന്നവരെ എടുത്തു കൊണ്ടു പോവേണ്ട സ്ഥിതിയാണ്.
മഴ പെയ്താല്‍ നടപ്പാത പോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. മഴക്കാലങ്ങളില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത് വിദ്യാർഥികളാണ്. ഗ്രാമ പഞ്ചായത്തിന്റെ കടുത്ത അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധർണ നടത്തും. വാർത്ത സമ്മേളനത്തില്‍ വൈസ് ചെയർമാൻ എം. മോഹനൻ, കണ്‍വീനർ അബ്ദുല്‍ ലത്തീഫ്, ടി.കെ. സിറാജുദ്ദീൻ, സി.പി. മുസ്തഫ, യു.വി. ജമീല എന്നിവർ പങ്കെടുത്തു.