പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് നൽകുന്ന കമ്പ്യൂട്ടർ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പരിധിയിലെ കുടുംബശ്രീ അംഗങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലന പ്രോഗ്രാം അവധി ദിവസങ്ങളിലും വൈകുന്നേരവും ആണ് നടത്തുന്നത്. മലയാളം ടൈപ്പിംഗ്, കമ്പ്യൂട്ടറിലെ വിവിധ പൊതു ഉപയോഗ അപ്ലിക്കേഷനുകൾ, ഇൻ്റർനെറ്റ്, ഓൺലൈൻ പെയ്മൻ്റുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ ദീപ്തി, മദർ പി ടി എ പ്രസിഡന്റ് പി ജസിന, കെ തങ്കമണി, പി ലിനിഷ, കെ പ്രിൻസി, വി ഷീജ, പി എം ദേവപ്രിയ എന്നിവർ സംസാരിച്ചു.