Zygo-Ad

പോക്സോ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത കേസിലും അറസ്റ്റില്‍


ചക്കരക്കല്ല്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത്‌ ഗർഭിണിയാക്കിയ കേസിലും റിമാൻഡിലായി.

മിടാവിലോട് താമസക്കാരനായ പാനേരിച്ചാല്‍ സ്വദേശി മാവിന്റകണ്ടി ഹൗസില്‍ കെ.കെ. സദാനന്ദനെയാണ് (65) ചക്കരക്കല്‍ എസ്.എച്ച്‌.ഒ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. ചക്കരക്കല്‍ പൊലീസ് പരിധിയില്‍ താമസക്കാരിയായ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. 

എന്നാല്‍, പെണ്‍കുട്ടിയുടെ മാതാവ് ഗർഭിണിയാണെന്ന വിവരം പിന്നീടാണറിഞ്ഞത്. മനോ വൈകല്യമുള്ള യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദൻ തന്നെയാണെന്ന് അന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞുവെങ്കിലും ഇയാള്‍ അത് നിഷേധിച്ചിരുന്നു. 

മാനസിക അസ്വാസ്ഥ്യമുള്ള ഇര പറഞ്ഞ വാക്ക് ബന്ധുക്കളിലും വിശ്വാസ്യതയുളവാക്കിയിരുന്നില്ല. എന്നാല്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വെച്ച്‌ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോള്‍ ഡി.എൻ.എ പരിശോധനക്ക് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ പരിശോധനക്കൊപ്പം സദാനന്ദന്റെ രക്തസാമ്പിളും പരിശോധനക്കയച്ചു. 

പരിശോധനാ ഫലം വന്നപ്പോഴാണ് യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദൻ തന്നെയെന്ന് വ്യക്തമായത്. പോക്സോ കേസില്‍ തലശ്ശേരി കോടതിയില്‍ ഹാജരായി മടങ്ങും വഴി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ