കൂത്തുപറമ്പ്: നിയോജക മണ്ഡലത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, വെള്ളപ്പൊക്ക ഫണ്ട്, സർക്കാറിന്റെ മറ്റ് പദ്ധതികൾ എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ പുരോഗതി കെ പി മോഹനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺറഫൻസ് ഹാളിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഒരേസമയം ലഭ്യമാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. ജനുവരിയിൽ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേരും. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി സെക്രട്ടറിമാർ ഇടപെട്ട് ഏകോപനത്തിലൂടെ നടപ്പാക്കണം. കരാറുകാർ ടെൻഡർ എടുക്കാതെ വരുമ്പോൾ ഭരണസമിതികൾ ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.
മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്ക് അലമാരയും സ്‌പോർട്്‌സ് കിറ്റും വിതരണം ചെയ്യുന്ന പദ്ധതി പൂർത്തീകരിച്ചതായി യോഗത്തിൽ അറിയിച്ചു. വിവിധ സ്‌കൂളുകളിൽ നാല് ലക്ഷം രൂപ വീതം ചെലവിൽ സ്മാർട്ട് ക്ലാസ്‌റൂം നിർമ്മിക്കുന്ന പദ്ധതി 2024-25 വർഷം നടപ്പിലാക്കുന്നു. ഇതിന്റെ പുരോഗതി വിലയിരുത്തി.
കൂത്തുപറമ്പ് കോടതിയിൽ എട്ട് ലക്ഷം രൂപ ചെലവിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു. ആറ് ലക്ഷം ചെലവിൽ പാട്യം ജിഎച്ച്എസ്എസിൽ ഐടി ലാബ് സജ്ജമായി. കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 6.5 ലക്ഷത്തിന്റെ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ റോഡുകളുടെ വികസനം, സ്‌കൂൾ കമ്പ്യൂട്ടർ ലാബ് നിർമ്മാണം, മിനി മാസ്റ്റ് ലൈറ്റ്, തോട് സംരക്ഷണം, അങ്കണവാടി നിർമ്മാണം തുടങ്ങി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു.നിരവധി പദ്ധതികൾ പൂർത്തിയായതായി അറിയിച്ചു.സബ് കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷനായി.
കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൻ വി സുജാത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി വത്സൻ (മൊകേരി), എൻ വി ഷിനിജ (പാട്യം), സി രാജീവൻ (കോട്ടയം), കെ ലത (കുന്നോത്തുപറമ്പ്), വി ബാലൻ (ചിറ്റാരിപ്പറമ്പ്), സക്കീന തെക്കയിൽ (തൃപ്പങ്ങോട്ടൂർ), ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഡോ. എം. സുർജിത്, ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.