കണ്ണൂർ: ഝാർഖണ്ഡ് തിരഞ്ഞെടുപ്പില്‍ ക്രമസമാധാന നില പൂർണമായും ഉറപ്പാക്കിയതിന് കണ്ണൂരുകാരിയായ ഐപിഎസ് ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം.
കണ്ണൂർ സ്വദേശിനിയായ റീഷ്‌മ രമേശൻ ഐപിഎസിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദരവർപ്പിക്കുന്നത്. ഝാർഖണ്ഡിലെ പ്രധാന മാവോയിസ്റ്റ് മേഖലകളില്‍ ഒന്നായ പലാമു ജില്ലയില്‍ സമാധാന പരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ സാധ്യമാക്കിയതിനാണ് റീഷ്മയെ ആദരിക്കുന്നത്.
2020ലാണ് കണ്ണൂരിലെ കതിരൂരില്‍ നിന്നുമുള്ള റീഷ്‌മ രമേശൻ ഐപിഎസ് പലാമു ജില്ലയില്‍ ചുമതല ഏല്‍ക്കുന്നത്. സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ അടക്കം പിടികൂടിയ സുരക്ഷാ ദൗത്യസംഘത്തിന്റെ അടക്കം ഭാഗമാകാൻ റീഷ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കതിരൂർ രശ്‌മിയില്‍ ഡോ. രമേശന്‍റെയും ഡോ. രോഹിണി രമേശന്‍റെയും മകളാണ് റീഷ്‌മ രമേശന്‍. കണ്ണൂർ ചിന്മയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ റീഷ്‌മ അങ്കമാലി ഫിസാറ്റില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി.
2017 ബാച്ചിലാണ് റീഷ്‌മ രമേശന്‍ ഐപിഎസ് നേടിയത്. പെരിന്തല്‍മണ്ണ എഎസ്‌പി ആയിട്ടായിരുന്നു റീഷ്‌മയുടെ ആദ്യ നിയമനം. കണ്ണൂരില്‍ നാർകോട്ടിക്ക് സെല്‍ എഎസ്‌പി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.
കേരള കേഡര്‍ ആയിരുന്ന റീഷ്‌മ ജാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥൻ അഞ്ജനി അഞ്ജനെ വിവാഹം കഴിച്ച ശേഷമാണ് അങ്ങോട്ടു മാറിയത്. ആന്‍റി കറപ്ഷൻ ബ്യൂറോയില്‍ എസ്‌പിയാണ് ഭർത്താവ് അഞ്ജനി അഞ്ജൻ.
മുപ്പതിലേറെ വർഷങ്ങള്‍ക്കു ശേഷമാണ് പലാമു ജില്ലയില്‍ സമാധാന പരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റീഷ്‌മയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കും.