മട്ടന്നൂർ: ചാലോട് കുറുക്കന്‍റെ കടിയേറ്റ് നാലു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തോടെ ചാലോട് ബസ്റ്റാൻഡില്‍ വച്ചാണ് നാല് പേർക്ക് കുറുക്കന്‍റെ കടിയേറ്റത്.
ചാലോടിലെ കൊവ്വല്‍ ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ചാലോട് സ്റ്റാൻഡിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തില്‍ സുമേഷ് എന്നിവർക്കാണ് കടിയേറ്റത്. കൈക്കും കാലിനും പരിക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇരിക്കൂർ റോഡില്‍ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വന്ന കുറുക്കൻ കടയുടെ വരാന്തയില്‍ നില്‍ക്കുന്ന ഹരീന്ദ്രനെയാണ് ആദ്യം കടിച്ചത്. തുടർന്ന് ബസ് സ്റ്റാന്‍റിനകത്തേക്ക് ഓടിയെത്തി മറ്റുള്ളവരെയും ചാടി കടിക്കുകയായിരുന്നു. കുറുക്കനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
ഒന്നാം തീയതി ചാലോട് ജംഗ്ഷനില്‍ വച്ചും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേർക്കും വളർത്ത് മൃഗങ്ങള്‍ക്കും തെരുവ് പട്ടികള്‍ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. അധികൃതർ എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.