കേരളത്തിൽ വേനൽ ചൂട് കടുക്കുകയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലരും മടിക്കുന്ന സമയമാണിത്. എന്നാൽ, മറ്റ് ചിലരാകട്ടെ ചൂടിൽ നിന്ന് ശമനം കണ്ടെത്താനായി വിവിധയിടങ്ങളിലേയ്ക്ക് യാത്രകൾ ചെയ്യാറുണ്ട്. എന്നാൽ, കേരളത്തിലെ ചില സ്ഥലങ്ങളിൽ ചൂട് വളരെ കൂടുതലാണ്. ഇവിടങ്ങളിലേയ്ക്ക് തത്ക്കാലം അനാവശ്യ യാത്രകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
പാലക്കാട്
സംസ്ഥാനത്ത് സാധാരണയായി ചൂട് കൂടുതൽ അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഇത്തവണയും ജില്ലയിൽ കനത്ത ചൂടാണ്. 38 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി കഴിഞ്ഞു. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന അറിയിപ്പ്. അതിനാൽ പാലക്കാട്ടേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. 38 ഡിഗ്രി സെൽഷ്യസിന് അടുത്തുവരെ താപനില രേഖപ്പെടുത്തി കഴിഞ്ഞു. കണ്ണൂരിൽ തെയ്യങ്ങളുടെയും ഉത്സവങ്ങളുടെയും കാലമായതിനാൽ നിരവധി ആളുകൾ ജില്ലയിലേയ്ക്ക് എത്തുന്നുണ്ട്. അത്തരത്തിൽ എത്തുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം
തൃശൂർ
പാലക്കാടും കണ്ണൂരും പോലെ തന്നെ തൃശൂരും ചൂട് കൂടുതലാണ്. പലയിടങ്ങളിലും 36 ഡിഗ്രി സെൽഷ്യസും അതിന് മുകളിലും രേഖപ്പെടുത്തി കഴിഞ്ഞു. കോട്ടയം, കൊച്ചി, കോഴിക്കോട് ജില്ലകളിലും ചൂടിന് കുറവൊന്നുമില്ല.
പുനലൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പുനലൂർ. 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഇവിടെ രേഖപ്പെടുത്തി കഴിഞ്ഞു. അതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. മതിയായ മുൻകരുതലുകൾ എടുത്ത് വേണം പുറത്തിറങ്ങാൻ.