ഇരിട്ടി: കേരള-കർണാടക അന്തർ സംസ്ഥാന പാതയില്‍ സർവിസ് നടത്തുന്ന ക്ലാസിക് ബസിന്റെ വളയം ഉദയയുടെ കൈയില്‍ ഭദ്രമാണ്.
കൊടിയ വളവുകളും മാക്കൂട്ടം ചുരവും താഴ്ചയും നിറഞ്ഞ പാതയില്‍ അനായാസമായി അവള്‍ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.
അന്തർ സംസ്ഥാന പാതയില്‍ സർവീസ് നടത്തുന്ന ബസ് ഓടിക്കുന്ന ആദ്യ വനിതയാണ് മട്ടന്നൂർ മണ്ണൂർ സ്വദേശി ഉദയ. ചെറുപ്പം മുതല്‍ ഡ്രൈവിങ്ങിനോട് ഉദയക്ക് താല്‍പര്യമുണ്ടായിരുന്നു.
ആദ്യം കാറും പിന്നീട് ലോറിയും ഓടിച്ചപ്പോള്‍ ബസ് ഓടിക്കാനും അവസരം ലഭിച്ചു. ഇപ്പോള്‍ ഏറ്റവും ഇഷ്ടം ബസ് ഓടിക്കാനാണെന്നാണ് ഉദയ പറയുന്നത്.
നേരത്തെ വാണിയപ്പാറ, തില്ലങ്കേരി റൂട്ടില്‍ ബസുകള്‍ ഓടിച്ചിരുന്നു. ഇപ്പോള്‍ കണ്ണൂർ-മടിക്കേരി, തലശ്ശേരി-മടിക്കേരി റൂട്ടിലോടുന്ന ക്ലാസിക് ബസാണ് ഓടിക്കുന്നത്. മട്ടന്നൂർ കീച്ചേരി സ്വദേശിയായ ഡ്രൈവർ മഷൂദാണ് അന്തർ സംസ്ഥാന പാതയില്‍ ബസ് ഓടിക്കാനുള്ള അവസരം ഒരുക്കിയത്.
കർണാടകയില്‍ വനിത ബസ് ഡ്രൈവർ കുറവാണ്. അതുകൊണ്ടു തന്നെ കർണാടകയിലെ യാത്രക്കാരും നാട്ടുകാരും വനിത ബസ് ഡ്രൈവറെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് കൂടിയായ ഉദയ മണ്ണൂരില്‍ കരാട്ടേ പരിശീലക കൂടിയാണ്.
ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പി.എസ്.സി പരീക്ഷക്കായുള്ള പരിശീലനത്തിലാണ്. പി.എസ്.സി ക്ലാസിന് പോകുമ്പോള്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളിലാണ് ബസ് ഡ്രൈവറായി എത്തുന്നത്.