ഇരിട്ടി: ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം കല്ലുമുട്ടിയില്‍ കരിമ്പിൻ ജ്യൂസ് മെഷീനിനുള്ളില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്ക്.
കല്ലുമുട്ടി സ്വദേശി കല്ലേരിക്കരമ്മല്‍ ബാബുവിന്റെ ഭാര്യ മല്ലികയ്ക്കാണ് (44) പരിക്കേറ്റത്. ഇരിട്ടി അഗ്നിശമന സേന ഒരു മണിക്കൂറോളം നടത്തിയ രക്ഷാ പ്രവർത്തനത്തെ തുടർന്ന് മെഷീനില്‍ നിന്നും കൈ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 5.30തോടെ കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടയിലായിരുന്നു അപകടം. പ്രവർത്തിച്ചു കൊണ്ടിരുന്ന ജ്യൂസ് മെഷീനകത്ത് കുടുങ്ങിയ മല്ലികയുടെ ചുരിദാറിന്റെ ഷാള്‍ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വലത് കൈയുടെ വിരലുകള്‍ മെഷീനിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
മല്ലികയുടെ നിലവിളി കേട്ട് നാട്ടുകാർ ഉടൻ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ അഗ്നിശമന സേന കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കരിമ്പിൻ ജ്യൂസ് മെഷീന്റെ പലചക്രം കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്.
നാലോളം വിരലുകള്‍ മിഷനല്‍ കുടുങ്ങി ചതഞ്ഞ നിലയിലാണ്. പരിക്കേറ്റ മല്ലികയെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരിട്ടി അഗ്നിശമന സേനാ നിലയം അസി. ഓഫീസർമാരായ സി. ബൈജു, മെഹറൂഫ് വാഴോത്ത്, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എൻ.ജെ. അനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ധനീഷ്, എം. അരുണ്‍ കുമാർ, ഹോം ഗാർഡുമാരായ പി.പി. വിനോയ്, സദാനന്ദൻ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കെടുത്തു.