ഇരിട്ടി: എടൂർ-കരിക്കോട്ടക്കരി മലയോര ഹൈവേയില്‍ എടൂർ പള്ളിക്കു സമീപം പഞ്ചായത്ത് നിർമിച്ചു നല്കിയ ബാബുവിന്‍റെ പെട്ടിക്കടയ്ക്ക് തിരിച്ചടിയായി കാന നിർമാണം.
എടൂരില്‍ പ്രവർത്തിക്കുന്ന ജലനിധി പദ്ധതിയുടെ തകർന്ന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാണ് ഭാഗമായി ബാബുവിന്‍റെ കടയ്ക്കു മുന്നിലൂടെ കാന കീറിയത്.
അഞ്ചു ദിവസം മുമ്പ് ജെസിബി ഉപയോഗിച്ച കീറിയ കാന കരാറുകാരൻ മൂടാതെ പോയതോടെ നിത്യ ജീവിതത്തിനായി പെട്ടിക്കടയെ ആശ്രയിച്ചിരുന്ന ബാബുവിന്‍റെ ജീവിതവും വഴി മുട്ടിയിരിക്കയാണ്.
സ്ട്രോക്ക് വന്ന് സംസാര ശേഷി നഷ്ടപ്പെട്ട് നടക്കാൻ പോലും പ്രയാസപ്പെടുന്ന ബാബു ഇതോടെ ആകെ സങ്കടത്തിലാണ്. ഒരു രൂപയുടെ മുട്ടായി പോലും വാങ്ങിക്കാൻ കടയില്‍ ആരും വരാത്ത സാഹചര്യമാണ് നിലവിൽ.
കടയ്ക്ക് മുന്നിലെങ്കിലും ഒരാള്‍ക്ക് കടന്നു ചെല്ലാൻ കഴിയും വിധം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റി ഒരു സ്ലാബ് ഇട്ടു കൊടുത്തിരുന്നെങ്കിൽ ആ പാവത്തിന്‍റെ അന്നം മുട്ടില്ലായിരുന്നു.