ഇരിട്ടി :ആറളം ഫാം പുനരധിവാസമേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ദൗത്യത്തിന്റെ മൂന്നാം ദിവസം പിന്നിട്ടു.
ഇന്നലെ രാവിലെ വയനാടൻ കാട്ടില്‍ നിന്നാണ് കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂർ, ആറളം വൈല്‍ഡ് ലൈഫ്, സോഷ്യല്‍ ഫോറസ്റ്ററി കണ്ണൂർ എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ദൗത്യം തുടങ്ങിയത്.
രാവിലെ ബ്ലോക്ക് പതിമൂന്ന് ഓടച്ചാല്‍ ഭാഗത്ത് ഡ്രോണ്‍ ഉപയോഗിച്ച് ആനകളെ തിരഞ്ഞു. ഇതിന് ശേഷം ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴില്‍ വയനാടൻ കാട് ഭാഗത്ത് നിന്ന് ആനകളെ തുരത്തല്‍ നടപടി തുടങ്ങുകയായിരുന്നു.
ഇവിടെ ഉണ്ടായിരുന്ന കൊമ്പനെ ഫാം സ്കൂള്‍ ഹെലിപ്പാട് താളിപ്പാറ കോട്ടപ്പാറ പുളിതട്ട് വഴി വന്യജീവി സങ്കേതത്തില്‍ കയറ്റി വിട്ടു. ഇന്നലെ ദൗത്യത്തില്‍ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്.
ദൗത്യം നാളെ തുടരും. ഇതോടൊപ്പം കോട്ടപ്പാറ ഭാഗത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.