Zygo-Ad

'മരങ്ങള്‍ മുറിച്ചു, തൂണുകള്‍ പിഴുതിട്ടു', കണ്ണൂര്‍ ആറളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സോളാര്‍ വേലി തകര്‍ത്ത നിലയില്‍


ആറളം; കണ്ണൂർ ആറളത്ത് ലക്ഷങ്ങള്‍ മുടക്കി ഒരു മാസം മുമ്പ് വനം വകുപ്പ് നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയില്‍.

പുതിയ ഇരട്ട ലൈൻ സോളാർ വേലി നിർമിക്കുന്നതിന്‍റെ മറവിലാണ് മരങ്ങള്‍ മുറിച്ചിട്ടും തൂണുകള്‍ പിഴുതുമാറ്റിയും, പുനരുപയോഗിക്കാൻ കഴിയാത്ത വിധം നിലവിലുളള വേലി തകർത്തത്. 

രണ്ട് കിലോ മീറ്ററോളം ദൂരത്തില്‍ പ്രതിരോധ വേലി പ്രവർത്തനരഹിതമായി. സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ ഡിഎഫ്‌ഓ റേഞ്ച് ഓഫീസർക്ക് നിർദേശം നല്‍കി.

കാട്ടാന പതിവായിറങ്ങുന്ന, ആളുകളെ ചവിട്ടിക്കൊല്ലുന്ന ആറളം പുനരധിവാസ മേഖല. ഫെബ്രുവരിയില്‍ ആദിവാസി ദമ്പതികളെ ആന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കോട്ടപ്പാറ മുതല്‍ പതിമൂന്നാം ബ്ലോക്ക് വരെ സോളാർ വേലി നിർമിക്കാൻ തീരുമാനിച്ചത്. 

35 വനം വകുപ്പ് ജീവനക്കാർ പന്ത്രണ്ട് ദിവസം കൊണ്ട് അഞ്ചര കിലോ മീറ്ററില്‍ വേലി പണിതു. നാല് ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്ക്. 

ആ വേലിയാണ് ഒരു മാസത്തിനുളളില്‍ നശിപ്പിച്ചത്. മരങ്ങള്‍ മുറിച്ചും പിഴുതും വേലിക്ക് മുകളിലിട്ടു. നിരവധി തൂണുകള്‍ തകർന്നു. രണ്ടര കിലോ മീറ്ററോളം ദൂരം വേലി പ്രവർത്തന രഹിതമായി. 

പുതിയ ഇരട്ട ലൈൻ സോളാർ വേലി ഇവിടെ നിർമിക്കാൻ 36 ലക്ഷത്തിന് കരാറായിരുന്നു. അതിന്‍റെ മറവിലാണ് നിലവിലുളള വേലി തകർത്തതെന്ന് ആക്ഷേപം.

പുതിയ വേലി നിർമിച്ചതിന് ശേഷം മാത്രം നീക്കം ചെയ്യേണ്ട വേലിയാണ് ഈ രീതിയില്‍ തകർത്തത്. നിലവില്‍ പഴയതുമില്ല പുതിയതുമില്ലെന്ന സ്ഥിതിയായി. 

കാട്ടാനകള്‍ക്ക് വഴിയും തുറന്നു. പൊളിച്ചു മാറ്റിയാല്‍ മറ്റൊരിടത്ത് ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗ ശൂന്യവുമായി. വനം വകുപ്പിന് നഷ്ടം ലക്ഷങ്ങള്‍.

 സംഭവം വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ കൊട്ടിയൂർ റേഞ്ച് ഓഫീസർക്ക് ഡിഎഫ്‌ഓ നിർദേശം നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ