അടയ്ക്കാത്തോട്: കടുവ, കാട്ടാന, പുലി ഭീതിക്കിടെ മലയോരത്തെ ജനങ്ങളുടെ ഉറക്കം കെടുത്തി രാജവെമ്പാലകളും. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മേഖലയില്‍ നിന്ന് ആറ് കൂറ്റന്‍ രാജവെമ്പാലകളെയാണ് അടുത്ത ദിവസങ്ങളിലായി പിടികൂടിയത്.
കോച്ചിക്കുളം, മുട്ടുമാറ്റി, വാളുമുക്ക്, കരിയംകാപ്പ് എന്നിവടങ്ങളില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
കരിയംകാപ്പില്‍ കണ്ട രണ്ട് പാമ്പുകളില്‍ ഒന്നിനെ മാത്രമാണ് പിടികൂടാനായത്. ജനവാസ മേഖലയില്‍ ഉഗ്ര വിഷമുളള രാജവെമ്പാലകളുടെ സാന്നിധ്യം കർഷകരെയടക്കം ഭയാശങ്കയിലാ ക്കുകയാണ്.
രാജവെമ്പാലകള്‍ മുട്ടയിട്ട് അടയിരിക്കുന്ന സമയമായതിനാല്‍ പരിസരത്ത് എത്തുന്ന എന്തിനെയും ആക്രമിക്കാനുളള സാധ്യത കൂടുതലാണ്.
ഇവയുടെ പ്രജനനം സാധാരണയായി ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് നടക്കുന്നത്. കൂട് ഉണ്ടാക്കി മുട്ടയിടുന്ന ഏക പാമ്പാണ് രാജവെമ്പാല.
വരണ്ട പ്രദേശത്ത് മരത്തിന്‍റേയോ മുളയുടെയോ ചുവട്ടില്‍ കരിയിലയും മറ്റും ഉപയോഗിച്ചാണ് കൂട് ഉണ്ടാക്കുന്നത്. 20 മുതല്‍ 50 മുട്ടകള്‍ വരെ ഇടും. മുട്ട് വിരിഞ്ഞ് ഇറങ്ങുന്ന കുഞ്ഞുങ്ങളുടെ വിഷവും മുതിര്‍ന്ന രാജവെമ്പാലകളുടേത് പോലെ ശക്തമാണ്.
വിഷപ്പാമ്പുകളില്‍ ലോകത്ത് ഏറ്റവും നീളമുളള രാജവെമ്പാലകളുടെ ശരാശരി നീളം 10 മുതല്‍ 12 അടി വരെയാണ്. 18 അടിയോളം നീളമുളളവയെയും കണ്ടെത്തിയിട്ടുണ്ട്. ശരാശരി 20 വര്‍ഷമാണ് ഇവയുടെ ആയുര്‍ ദൈര്‍ഘ്യം.
മൂര്‍ഖന്‍ ഉള്‍പ്പെടെയുളള പാമ്പുകളാണ് ഇഷ്ട ഭക്ഷണം. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ടതാണ് രാജവെമ്പാല.
ചൂട് വര്‍ധിച്ചതും വെളളം കിട്ടാത്തതും ഭക്ഷണ ലഭ്യതക്കുറവുമാണ് രാജവെമ്പാലകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്തേയ്ക്ക് വരാന്‍ കാരണം.
ഉള്‍വനത്തിലും തണുപ്പുളള സ്ഥലങ്ങളിലുമാണ് ഇവയെ കാണുന്നത്. ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്ന രാജവെമ്പാലകളെ വനത്തില്‍ തുറന്ന് വിടുകയാണ് ചെയ്യുന്നത്.
എന്നാല്‍ പിടികൂടുന്ന പാമ്പുകളെ 50 കിലോ മീറ്റര്‍ അകലെ എങ്കിലും തുറന്ന വിട്ടില്ലെങ്കില്‍ തിരികെവരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്