കായലോട് യുവതിയുടെ മരണം: പ്രതികൾ കുറ്റക്കാരല്ലെന്ന് മരിച്ച റസീനയുടെ ഉമ്മ ഫാത്തിമ; 'പൊലീസിൻ്റെ വാദം തെറ്റ്'
byOpen Malayalam Webdesk-
കണ്ണൂർ: കായലോട് യുവതിയുടെ ആത്മഹത്യയിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു .'പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരൻറെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻറെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയത്' - ഫാത്തിമ പറഞ്ഞു.എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തൻ്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിൻ്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു.