Zygo-Ad

വൈശാഖ മഹോത്സവം; കൊട്ടിയൂരിൽ നാളെ ഇളനീർ വെപ്പ്

 


വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് നാളെ അക്കരെ കൊട്ടിയൂരിൽ നടക്കും. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ തണ്ടയാന്മാരാണ് ജന്മാവകാശികൾ. 45 ദിവസം നീളുന്ന വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലാണ് ഭക്തർ ഇളനീർക്കാവുകളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുക

വിവിധ മഠങ്ങളിൽ നിന്ന് ദീർഘദൂരം നടന്ന് വ്രതക്കാർ പെരുമാൾക്ക് സമർപ്പിക്കാനുള ആയിരക്കണക്കിന് ഇളനീർക്കാവുകൾ ക്ഷേത്രത്തിലെത്തിക്കും. വേട്ടയ്ക്കെ‌ാരു മകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എല്ലെണ്ണയും ഇളനീരുമായി നാളെ സന്ധ്യയോടെ കൊട്ടിയൂരിലെത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെളി കാരം വച്ച് രാശി വിളിച്ചു കഴിഞ്ഞാൽ ഇളനീർ വയ്പ് ആരംഭിക്കും

കോട്ടയത്ത് വാക്കൻ്റെ കുഴലൂത്തിന്റെയും മുന്നൂറ്റാൻ്റെ വാദ്യത്തിൻ്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. കിഴക്കേ നടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിലാണ് രാശി വിളിക്കായി ഇളനീർക്കാർ മുഹൂർത്തം കാത്തിരിക്കുക. വിളി കേൾക്കുമ്പോൾ വ്രതക്കാർ ബാവലി പുഴയിൽ ഇളനീർ കാവുകളുമായി മുങ്ങിയ ശേഷം സന്നിധാനത്തിൽ ഓടി എത്തും, തട്ടും പോളയും പടച്ച സ്ഥാനത്ത് മൂന്ന് വലം വച്ച ശേഷം ഇളനീർ കാവുകൾ സമർപ്പിക്കും. തുടർന്ന് ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങി മടങ്ങും. ബുധനാഴ്ചയാണ് ഇളനീരാട്ടം.

തിരുവോണം ആരാധനയിൽ പെരുമാൾക്ക് പാലമൃത് അഭിഷേകം

വൈശാഖ മഹോത്സവ കാലത്തെ നാല് ആരാധനാ പൂജകളിൽ ആദ്യ ആരാധനാ പൂജയായ തിരുവോണം ആരാധന ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടന്നു. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടന്നു. ശീവേലിക്ക് സ്വർണം, വെല്ലി പാത്രങ്ങളും അകമ്പടിയായുണ്ടായിരുന്നു. സന്ധ്യയ്ക്ക് ആരാധനാ പൂജയോടൊപ്പമാണ് പെരുമാൾക്ക് പാലമൃതഭിഷേകം എന്നു വിളിക്കുന്ന പഞ്ചഗവ്യം അഭിഷേകം നടത്തിയത്. മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ഇന്നലെ അക്കരെ കൊട്ടിയൂരിൽ ആരംഭിച്ചു. അലങ്കാര വാദ്യങ്ങളും ആരംഭിക്കുന്നത് തിരുവോണ നാളിലാണ്.

തീർത്ഥാടക പ്രവാഹം

അക്കരെ കൊട്ടിയൂരിൽ ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തരുടെ വലിയ പ്രവാഹമായിരുന്നു കൊട്ടിയൂരിൽ. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച തിരക്ക്, രാവിലെ ഏഴു മണിയോടെ തന്നെ തിരുവഞ്ചിറയും പരിസര പ്രദേശങ്ങളും ഭക്തജന സാഗരമായി മാറി. ശക്തമായ മഴയെപ്പോലും അവഗണിച്ച് മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങിയത്. ഈ വർഷം വൈശാഖ മഹോത്സവം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ഇന്നലെ കൊട്ടിയൂർ സാക്ഷ്യം വഹിച്ചത്.

തുടർച്ചയായി പെയ്ത മഴയും ചെളിയും വാഹനങ്ങളുടെ ആധിക്യവും കാരണം മലയോര ഹൈവേയിലും കൊട്ടിയൂർ സമാന്തരപാതയിലും വൻ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. പുലർച്ചെ തന്നെ കൊട്ടിയൂരിലെ പാർക്കിംഗ് ഗ്രൗണ്ടുകൾ തീർത്ഥാടകരുടെ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. പിന്നാലെ വന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടം കിട്ടാതെ റോഡിൽ തന്നെ നിർത്തിയതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. വൈകുന്നേരത്തോടെയാണ് പ്രതിസന്ധിക്ക് നേരിയ വ്യത്യാസം ഉണ്ടായത്.

വളരെ പുതിയ വളരെ പഴയ