Zygo-Ad

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; 3 പേർ അറസ്റ്റിൽ


കൂത്തുപറമ്പ്:  കായലോട് പറമ്പായിൽ വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിലെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റു ചെയ്തു. 

കായലോട്- പറമ്പായിലെ റസീന മൻസിലിൽ  റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

യുവതിയുടെ ആത്മഹത്യക്കുറിപ്പിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്പായി സ്വദേശികളായ എം സി.മൻസിലിൽ വി സി.മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ.ഫൈസൽ (34), കൂടത്താൻ കണ്ടി ഹൗസിൽ വി കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി കോടതി റിമാൻ്റ് ചെയ്തു. 

ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ കയ്യേറ്റം ചെയ്ത് സമീപത്തുള്ള ബിഗ് നഴ്സറിക്കടുത്തുള്ള മൈതാനത്തെത്തിച്ചു. 

അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത്  8.30ഓടെ പറമ്പായിയിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക്  വിളിച്ചു വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. 

അപ്പോഴും യുവാവിൻ്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. 

അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

വളരെ പുതിയ വളരെ പഴയ