കൊട്ടിയൂർ : കൊട്ടിയൂരിൽ പെരുമാൾക്ക് ഇളനീരാട്ടം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ നടന്നു.
രാത്രി കൊട്ടേരികാവിൽ നിന്നും എത്തുന്ന 'മുത്തപ്പൻ വരവ്' ചടങ്ങിന് ശേഷമാണ് പെരുമാൾക്ക് ഇളനീരഭിഷേകം നടത്തിയത്. പാലക്കീഴിൽ നിന്ന് മുത്തപ്പനൊപ്പം ഓടിയെത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കൈയാല ആക്രമിച്ച് കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ടുപോയി. ഇവർക്ക് മുന്നിലായി തിരുവൻചിറ കടന്ന് കിഴക്കേ തിരുനടയിൽ എത്തിയ മുത്തപ്പൻ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച വാൾ വണങ്ങി. അരിയും കളഭവും ദക്ഷിണയായി സ്വീകരിച്ച് മടങ്ങി. ശേഷം രാശി വിളിച്ച് പെരുമാൾക്ക് ഇളനീരാട്ടം ആരംഭിച്ചു.
ഉഷകാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിലാണ് ഇളനീരാട്ടം നടത്തിയത്. കിഴക്കേ നടയിൽ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലാണ് അഭിഷേകത്തിനു വേണ്ടി ചെത്തിയൊരുക്കിയത്. മുഖം ചെത്തി ഇളനീർ മണിത്തറയിൽ കൂട്ടിയിട്ടു. ഈ ഇളനീർ രാത്രിയിൽ ശ്രീകോവിലിന് ഉള്ളിലേക്ക് മാറ്റി. ഇവിടെ നിന്നെടുത്താണ് അഭിഷേകം നടത്തിയത്. ഇളനീർ കൊത്തി ജലം സ്വർണം, വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ സമർപ്പിച്ചതോടെ 45 ദിവസം ഇളനീർ വ്രതക്കാർ നോറ്റ കഠിനവ്രതം പരിസമാപ്തിയിലെത്തുകയായിരുന്നു