ഇരിട്ടി: കർണാടകത്തിന്റെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനമേഖലയിൽ നിന്നും പട്ടാപ്പകൽ കൂട്ടുപുഴ പാലത്തിൽ എത്തി നിലയുറപ്പിച്ച് ഭീതി പരത്തി നിന്ന കാട്ടാന തങ്ങളുടെതല്ല കേരളത്തിന്റേതാണെന്നു പറഞ്ഞ് പിന്തിരിഞ്ഞു പോയ വനപാലക സംഘത്തിന്റെ നടപടിയിൽ നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധം. തലശ്ശേരി - വളവുപാറ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മാണം നടത്തുന്നതിനിടെ തങ്ങളുടെ സ്ഥലത്താണ് പാലം പണിയുന്നതെന്ന് പറഞ്ഞ് രണ്ടു വർഷത്തോളം നിർമ്മാണ പ്രവർത്തി തടഞ്ഞുവെച്ച കർണ്ണാടക വനം വകുപ്പാണ് ഇപ്പോൾ കർണ്ണാടക വനത്തിൽ നിന്നും എത്തിയ കാട്ടാന തങ്ങളുടേതല്ലെന്നു പറഞ്ഞ് കയ്യൊഴിഞ്ഞു പോയത്.
കൂടാതെ ബാരാപ്പോൾ പുഴയിൽ ജലവൈദ്യുത പദ്ധതി ആരംഭിക്കുമ്പോൾ നിരവധി തടസ്സവാദങ്ങൾ നിരത്തുകയും, കേരളത്തിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിൽ ജണ്ടകൾ മാറ്റി സ്ഥാപിച്ച് കരമടച്ചും മറ്റും പതിറ്റാണ്ടുകളായി വീടുകൾ വെച്ച് കഴിയുന്നവരെ നിരന്തരം ഭീഷണിപ്പെടുത്തിയും ദ്രോഹിക്കുന്ന വനം വകുപ്പാണ് ഇപ്പോൾ ഇങ്ങിനെ പറഞ്ഞത് എന്നതാണ് കൗതുകകരം. തങ്ങളുടെ ഭൂമിയിൽ കൃഷിചെയ്യുന്നത് നശിപ്പിക്കുകയും, പുഴയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് പോലും വിലക്കുകയും സ്വന്തം വഭൂമിയിൽ നിന്നും മരം മുറിച്ചതിന് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തവരാണ് ഇവർ. കേരളത്തിന്റെ അധീനതയിലുള്ള ഏക്കർ കണക്കിന് ഭൂമിയാണ് കർണ്ണാടകം കയ്യേറി അവരുടെ അധീനതയിലാക്കിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകറിക്കാൻ ഇത് വരെ കേരളം മുതിർന്നതുമില്ല.
ഇതിനെല്ലാം ഇടയിൽ കേരളത്തിന്റെ വൈദ്യുതിയാണ് മാക്കൂട്ടം വരെയുള്ള പ്രദേശങ്ങളിൽ ഇവർ ഉപയോഗിക്കുന്നത് എന്നതും മാക്കൂട്ടം റോഡിൽ ഏത് പാതിരാത്രിയിൽ അപകടമുണ്ടായാലും അവിടെ ഓടിയെത്തി രക്ഷകരാകുന്നത് ഇരിട്ടി അഗ്നിശമന സേനയാണ് എന്നതും ഇവർ ബോധപൂർവം മറക്കുകയാണ്. ബുധനാഴ്ച പട്ടാപ്പകൽ കാട്ടാന യിറങ്ങിയപ്പോൾ മേഖലയിലെ ജനങ്ങൾക്കുണ്ടാകാൻ ഇടയുള്ള ആപത്തിൽ നിന്നും ഇവർക്ക് രക്ഷകരാകേണ്ട മാക്കൂട്ടം വനപാലകർ ഇങ്ങിനെ ഒരു വിചിത്ര വാദം ഉന്നയിച്ച് ഒഴിഞ്ഞു മാറിപ്പോയതിന് എന്ത് ഉത്തരമാണ് നൽകേണ്ടതെന്നുമാണ് കൂട്ടുപുഴക്കാർ ചോദിക്കുന്നത്.
അതേസമയം കൂട്ടുപുഴ പാലം കടന്ന് ആന ഇക്കരെ എത്തിയിരുന്നെങ്കിൽ അത് വലിയ അത്യാഹിതങ്ങൾക്കു വഴിവെച്ചേനെ. ഇടതടവി;ല്ലാതെ എത്തുന്ന വാഹനങ്ങളും ജനസവാസ മേഖലയും ഉള്ള പ്രദേശത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥ സംജാത മകുമായിരുന്നു. ഒരു മണിക്കൂറോളം പാലത്തിൽ തന്നെ നിലയുറപ്പിച്ച ആനയെ ഇരിട്ടിയിൽ നിന്നുമുള്ള വനപാലകസംഘം എത്തി പടക്കം പൊട്ടിച്ചും മറ്റും കർണാടകത്തിന്റെ വനമേഖലയിലേക്കു കയറ്റി വിടുകയായിരുന്നു. ഒരു മണിക്കൂറിലേറെ അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങളുടെ നീണ്ട നിരതന്നെ രൂപപ്പെടുകയും ചെയ്തു.