Zygo-Ad

ഊർജ്ജ ഉത്പാദനത്തിന് സ്വന്തം സൗരനിലയം; സമഗ്ര വികസന മാതൃകയായി പെരളശ്ശേരി പഞ്ചായത്ത്


പെരളശ്ശേരി: ഊർജ്ജ ഉത്പാദനത്തിന് സൗരനിലയം എന്ന ആശയം ആവിഷ്‌കരിച്ചു നടപ്പാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട് വച്ചത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയൊരു മാതൃക. കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോർജ നിലയമാണ് പിലാത്തിയിലെ മിനി വ്യവസായ എസ്റ്റേറ്റ് ഭൂമിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ പ്രവൃത്തി തുടങ്ങിയ പ്ലാന്റിൽനിന്ന് വൈദ്യുതി ഉൽപാദനം ആരംഭിച്ചു. പഞ്ചായത്ത്, കൃഷി മറ്റ് ഓഫീസുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയും. തരിശായി കിടന്ന 30 സെന്റ് സ്ഥലത്താണ് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചത്. 

545 വാട്ട് ശേഷിയുള്ള നൂതന മോണോ പെർക്ക് സാങ്കേതിക വിദ്യയിലുള്ള 276 പാനലുകളാണ് ഇവിടെയുള്ളത്. 600 യൂനിറ്റ് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത.

 മിച്ചം വരുന്ന വൈദ്യുതി വ്യവസായ എസ്റ്റേറ്റിലെ മറ്റ് സംരംഭകർക്കും കെഎസ്ഇബിക്കും കൈമാറും. സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതിക്ക് ഒരുപഞ്ചായത്ത് മുൻകൈയെടുക്കുന്നത് ആദ്യമായാണ്.

കൂടാതെ മാലിന്യ മുക്ത പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണ പദ്ധതികൾ എന്നിവ ഫലപ്രദമായി നടപ്പാക്കിയതിനുള്ള ദേശീയ പുരസ്‌കാരം പെരളശ്ശേരി പഞ്ചായത്തിന് ലഭിച്ചത് മറ്റൊരു മികച്ച നേട്ടമാണ്. പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും വാതിൽപ്പടി ശേഖരണം ഹരിതകർമ്മസേന വഴി നടത്തുന്നു. 

വീടുകളിൽ റിങ് കമ്പോസ്റ്റ്, തുമ്പൂർ മൂഴി മാലിന്യ സംസ്‌കരണ യുണിറ്റുകൾ, ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ എന്നിവയിലൂടെ ഫലപ്രദമായ ശുചിത്വ പ്രവർത്തനങ്ങൾ മാലിന്യ മുക്ത പെരളശ്ശേരി സാധ്യമാക്കി. 

സംസ്ഥാന സർക്കാരിന്റെ ചെറുപട്ടണങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിലൂടെ മൂന്നുപെരിയ, കോട്ടം, വെള്ളച്ചാൽ എന്നിവ നവീകരിച്ചു. പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

25 കോടി രൂപ ചെലവിൽ മാവിലായി ഹെറിട്ടേജ് വില്ലേജ്, 55 കോടിയുടെ ചെറുമാവിലായി-പാറപ്രം റെഗുലേറ്റർ കം ബ്രിഡ്ജ്, 18 കോടി വീതം ചെലവിൽ കോട്ടംചേരിക്കൽ, കീഴത്തൂർ പാലങ്ങൾ, 25.75 കോടിയുടെ പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിങ്ങനെ അഞ്ച് വർഷം കൊണ്ട് ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. റോഡുകളുടെ നവീകരണം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ 218,715 തൊഴിൽ ദിനങ്ങൾ, ജൈവവൈവിധ്യ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, ശിശുസൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി അങ്കണവാടികളുടെ നവീകരണം, പുതിയ കെട്ടിടങ്ങൾ നിർമ്മാണം, സ്ത്രീ സൗഹൃദ പദ്ധതികൾ, ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, മൃഗ സംരക്ഷണ മേഖയിലെ വിവിധ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ ഇടപെടലുകൾ എന്നിങ്ങനെ സമസ്ത മേഖലയിലും വികസനം കൈവരിക്കാൻ പഞ്ചായത്ത് ഭരണ സമതിക്ക് സാധിച്ചു.

വളരെ പുതിയ വളരെ പഴയ