ഇരിക്കൂർ: പട്ടാപ്പകൽ പള്ളി ഇമാമിൻ്റെ മുറിയിൽനിന്ന് സ്വർണവും പണവും കവർന്ന യുവാവിനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടി. മംഗളൂരു ഉള്ളാൾ സ്വദേശി മുഹാദ് മുന്ന (40) ആണ് അറസ്റ്റിലായത്.
ഇരിക്കൂർ സിദ്ദീഖ് നഗറിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ് ഇമാം ബീഹാർ സ്വദേശി ആഷിഖ് അലാഹിയുടെ മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വർണ മോതിരവുമാണ് പ്രതി കവർന്നത്. കഴിഞ്ഞ 28ന് രാവിലെയായിരുന്നു കവർച്ച.
ഇമാം രാവിലെ സമീപത്തെ വീട്ടിൽ പ്രഭാത ഭക്ഷണത്തിന് പോയ സമയത്തായിരുന്നു മോഷണം. എട്ടു വർഷത്തോളമായി പള്ളിയിലെ ഇമാം ആയി സേവനമനുഷ്ഠിക്കുകയാണ് ആഷിഖ്. പ്രതി മുഹാദ് മുന്ന ഇരിക്കൂറിൽ വിവാഹം കഴിച്ച് പെരുവളത്തുപറമ്പിൽ താമസിക്കുന്ന വ്യക്തിയാണ്. മോഷണശേഷം ഇയാൾ ഉള്ളാളിലേക്ക് പോയി.
പൊലീസ് ഉള്ളാളിലെത്തിയെങ്കിലും അവിടെനിന്നും ഇയാൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ടൗണിൽനിന്ന് പിടികൂടുകയായിരുന്നു.