Zygo-Ad

തെരൂര്‍ കവലയില്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിനെതിരെ മൗനം പാലിച്ച് അധികൃതർ


മട്ടന്നൂര്‍: വാഹനത്തിരക്കേറിയ കണ്ണൂര്‍- മട്ടന്നൂര്‍ റോഡിലേക്ക്‌ മറ്റു രണ്ടു റോഡുകള്‍ കൂടി എത്തിച്ചേരുന്ന കവലയാണ്‌ തെരൂര്‍ കവല.

സ്‌കൂളിനും പള്ളിക്കും പുറമേ കീഴല്ലൂര്‍ പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രം, മൃഗാശുപത്രി എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. 

ആശുപത്രിയിലേക്കും മറ്റുമായി നിരവധി പേരാണ്‌ ദിവസവും വന്നുപോകുന്നത്‌. സുരക്ഷാ മുന്നറിയിപ്പ്‌ ബോര്‍ഡുകളോ സിഗ്നല്‍ സംവിധാനമോ ഇവിടെയില്ല. ഒരു സുരക്ഷാ കണ്ണാടി മാത്രമാണ്‌ കവലയില്‍ സ്‌ഥാപിച്ചിട്ടുള്ളത്‌.

കാനാട്‌ റോഡും മുട്ടന്നൂര്‍ റോഡും വേര്‍തിരിയുന്ന കവല കൂടിയാണ്‌ ഈ ഭാഗം. എന്നാല്‍ ഈ റോഡുകളില്‍ നിന്ന്‌ വാഹനങ്ങള്‍ കണ്ണൂര്‍- മട്ടന്നൂര്‍ റോഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. 

ഇറക്കം കൂടിയുള്ളതിനാല്‍ അമിത വേഗത്തിലാണ്‌ വാഹനങ്ങള്‍ ചാലോട്‌ ഭാഗത്തേക്കും മട്ടന്നൂര്‍ ഭാഗത്തേക്കും കടന്നു പോകുന്നത്‌. വിമാനത്താവളത്തിലേക്ക്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ പോകുന്നത്‌. 

കാനാട്‌ റോഡില്‍ നിന്ന്‌ വരുന്ന വാഹനങ്ങളെ കണ്ണൂര്‍- മട്ടന്നൂര്‍ റോഡില്‍ സഞ്ചരിക്കുന്നവര്‍ കാണാത്തതിനാല്‍ നിരവധി അപകടങ്ങളാണ്‌ മുമ്പുണ്ടായത്‌. ഇതൊഴിവാക്കുന്നതിനാണ്‌ കാനാട്‌ റോഡിന്‌ മുന്നിലായി കണ്ണാടി സ്‌ഥാപിച്ചത്‌.

എന്നാല്‍ സ്‌കൂളും ആശുപത്രിയുമുണ്ടെന്ന മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ വേണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌. പ്രശ്‌നം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ്‌ പരാതി. ആശുപത്രിയിലേക്ക്‌ പോകുന്ന രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ ആവശ്യം.

വളരെ പുതിയ വളരെ പഴയ