മൗവ്വേരി: (നവംബർ 27): തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥിക്കും തേനീച്ചക്കുത്തേറ്റു. കോട്ടയം പഞ്ചായത്ത് ഒന്നാംവാർഡ് മൗവ്വേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ കെ.കെ. അബ്ദുൾ അസീസിനാണ് പായ് തേനീച്ചയുടെ കുത്തേറ്റത്.
ബുധനാഴ്ച രാവിലെ ശിവപുരം മെട്ടയിലായിരുന്നു സംഭവം. കണ്ടംകുന്നിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിക്ക് പോകുകയായിരുന്ന ബുഷ്‌റയെ (38) തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് സമീപത്തെ വീടുകളും കടകളും ആളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.
സ്‌കൂൾ കുട്ടികളുമായി ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ അസീസ് അപകടം കണ്ടതിനെ തുടർന്ന് ഉടൻ ഇടപെടുകയായിരുന്നു. വണ്ടിയിൽ നിന്ന് ഷാൾ എടുത്ത് ബുഷ്‌റയെ മൂടി അദ്ദേഹം തേനീച്ചക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഈ ശ്രമത്തിനിടയിൽ തേനീച്ചകൾ അദ്ദേഹത്തെയും ആക്രമിച്ചു. ഉടൻ തന്നെ അദ്ദേഹം ഓടി രക്ഷപ്പെട്ടു.
സാരമായി പരിക്കേറ്റ ബുഷ്‌റ തലശ്ശേരി ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശരീരമാസകലം കുത്തേറ്റ അബ്ദുൽ അസീസും ചികിത്സ തേടി. സമീപവാസികളായ നിരവധി പേർക്ക് തേനീച്ചക്കുത്തേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ സ്ഥാനാർഥിയുടെ ഈ ധീരമായ ഇടപെടൽ ശ്രദ്ധ നേടി.
