ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 6, 7, 9, 11 എന്നീ വാർഡുകളിലാണ് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിട്ടത്.
ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് 6 മണി വരെയാണ് നിരോധനാജ്ഞ നിലവിലുണ്ടാവുക. ഈ വാർഡുകളിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കാട്ടാന സാന്നിധ്യം മൂലം ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി. വനംവകുപ്പും പോലീസും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും തുരത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
