Zygo-Ad

ഇരിട്ടി നഗരത്തിൽ വൈദ്യുതി വിതരണം കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നു.

 


ഇരിട്ടി: വൈദ്യുതി വിതരണം ആധുനിക വത്കരിക്കുക എന്ന ലക്ഷ്യത്തോടെ  കേന്ദ്ര പദ്ധതിയായ  ആർ ഡിഎസ് സ്‌കീമിൽ ഉൾപ്പെടുത്തി ഇരിട്ടി ടൗണിലെ വൈദ്യുതി വിതരണം പൂർണ്ണമായും കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതോടെ ഇരിട്ടി വൈദ്യുതി ലൈൻ രഹിത നഗരമായി മാറുന്നതിനുള്ള കർമ്മ പദ്ധതി കെഎസ്ഇബി ആവിഷ്‌ക്കരിച്ചു. പ്രവർത്തനക്ഷമത, വിശ്വസനീയമായ വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം പ്രസരണ നഷ്ടം കുറയ്ക്കുക, വൈദ്യുതി വിതരണ ശ്രിംഖല കൂടുതൽ സുരക്ഷിതമാക്കുക എന്നിവ ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് റിവാബ്ഡ് ഡിസ്ട്രിബ്യുഷൻ സെക്ടർ സ്‌കീം അഥവാ ആർ ഡി എസ് എസ്  . 

ഇതോടെ ഇടക്കിടെയുണ്ടാകുന്ന  വൈദ്യുതി തടസ്സങ്ങളും കേബിൾ ആക്കുന്നതോടെ ഇല്ലാതാകും. ഇരിട്ടി നഗരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന് ഇടതു വശത്തെ രണ്ട് കിലോമീറ്ററും നേരംപോക്ക് കവല  മുതൽ കീഴൂർ അമ്പലം കവലയിൽ നിന്നും  കീഴൂർ അമല ആശുപത്രി ജംക്ഷൻ വരെ 2.8 കിലോമീറ്ററും ആണ്  കേബിൾ വലിക്കുക. 55 ലക്ഷം രൂപയാണ് ചെലവ്. രണ്ടാം  ഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന്റെ വലതുവശത്തെ ലൈനുകളും  മാറ്റും.

വൈദ്യുതി വിതരണ ശ്രിംഖലയിലെ എൽടി ലൈനുകളും കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നഗര മേഖലയിലെ വീടുകളിലേക്കും ഉള്ള ലൈനുകൾ പൂർണമായും കേബിളാകും. അതേ സമയം എച്ച്ടി ലൈനുകൾ കമ്പികളിലൂടെ  തന്നെ തുടരും. കെഎസ്ഇബി പ്രവർത്തനങ്ങളോടു സഹകരിക്കാൻ വൈദ്യുതി വകുപ്പ് ജിവനക്കാരുടെയും വ്യാപാരി പ്രതിനിധികളുടെയും ഉപഭോക്താക്കളുടെ പ്രതിനിധികളുടെയും മരാമത്ത് - ടെലകോം - ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു

 20 ന് പ്രവൃത്തി ആരംഭിക്കും. കേബിൾ സ്ഥാപിക്കൽ പ്രവൃത്തികൾക്കായി വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെങ്കിലും സമയം ക്രമീകരിച്ചും വിവിധ മേഖലകൾ തിരിച്ചും ഉപഭോക്താക്കൾക്ക്  പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ഇബി ശ്രമിക്കും. പ്രവൃത്തി സുഗമമായി നടപ്പാക്കുന്നതിനായി വിവരങ്ങൾ അപ്പപ്പോൾ കൈമാറാൻ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപ്പപ്പോൾ ഈ ഗ്രൂപ്പ് മുഖേന കൈമാറും.

കെഎസ്ഇബി വിളിച്ച ഉപഭോക്ത്യ - വ്യാപാരി - ഉദ്യോഗസ്ഥ പ്രതിനിധി യോഗം ഇരിട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിജോ തോമസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.സി.ജോസഫ് അധ്യക്ഷത വഹിച്ചു. സബ് എൻജിനീയർമാരായ പി.ടി.ബിജീഷ്, കെ. സിബിൻ, വിവിധ വകുപ്പ് പ്രതിനിധികളായ ടി.കെ.രാജു (ജല അതോറിറ്റി), സി.പി. നീതു (എൽഎസ്ജിഐ, ഇരിട്ടി നഗരസഭ), എം.ബിജു ( മരാമത്ത്), ടി.അബ്ദുൽ നാസർ (ജെടിഒ, ബിഎസ്എൻഎൽ), സനൂപ് ജോർജ് (ടാറ്റാ കമ്യൂണിക്കേഷൻസ്), ഔസേപ്പ് സ്‌കറിയ (ജിയോ കേബിൾ ഒഎഫ്‌സി), പി.വി. ആൽബൻ (വിഐ ഒഎഫ്‌സി), വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളായ പി.കെ. മുസ്തഫ, ടി.എസ്. ജെയ്‌സൺ, എം. രാജേഷ്, കെ. മുരളീധരൻ, ഒ. വിജേഷ്, എം.ടി. മാത്യു, അബ്ദുറഹിമാൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ