പിണറായിയിൽ ബോംബ് സ്ഫോടനം. വെണ്ടുട്ടായി കനാൽകരയിൽ ഉണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ വിപിൻ രാജിനാണ് (31) പരിക്കേറ്റത്. സ്ഫോടനത്തിൽ ഇയാളുടെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു.
പിണറായി വെണ്ടുട്ടായി കനാൽകരയിലാണ് സംഭവം. സ്ഫോടകവസ്തു കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായതിനെത്തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പൊട്ടാത്ത ഓലപ്പടക്കം കയ്യിലെടുത്തപ്പോൾ പൊട്ടിത്തെറിച്ചതാണെന്നാണ് വിപിൻ രാജ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പരിക്കേറ്റ വിപിൻ രാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോൺഗ്രസ് ഓഫീസ് തകർത്ത കേസ് ഉൾപ്പെടെയുള്ളവയിൽ ഇയാൾ പ്രതിപ്പട്ടികയിലുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
