ഇരിട്ടി: ഒരേ മേൽക്കൂരയ്ക്കുകീഴിൽ താമസിക്കുന്ന നാലംഗ കുടുംബത്തെ രണ്ട് വ്യത്യസ്ത വാർഡുകളിലാക്കി പിരിച്ചുവെച്ചതിനെതിരെ ഇരിട്ടി നഗരസഭയിൽ പ്രതിഷേധം കനക്കുന്നു. ചാവശ്ശേരി മുഖപ്പറമ്പ് കക്കറയിലി വീട്ടിലെ പ്രദീപ് കുമാർ കുടുംബത്തിനാണ് ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇത്തരമൊരു ഗുരുതര പിഴവ് നേരിടേണ്ടി വന്നിരിക്കുന്നത്.
പ്രദീപും മക്കളായ അമൽ കെ. പ്രദീപും അമൃതയും നഗരസഭയുടെ 32-ാം വാർഡ് (മണ്ണോര) വോട്ടർമാരുടെ പട്ടികയിലായപ്പോൾ, ഭാര്യ ഒ.ആർ. സിന്ധുവിനെ 30-ാം വാർഡ് (ചാവശ്ശേരി വെസ്റ്റ്) വോട്ടറായി ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്ന കുടുംബത്തെ രണ്ടായി പിരിച്ചുവെച്ചത് അശാസ്ത്രീയമായ വാർഡ് വിഭജനത്തിന്റെ തെളിവാണെന്ന് അവർ ആരോപിക്കുന്നു.
തെറ്റായ എൻട്രിക്കെതിരെ രേഖകൾ സഹിതം നഗരസഭയിൽ പ്രദീപ് പരാതി നൽകുകയും ഹിയറിംഗിൽ പങ്കെടുത്തു രേഖകൾ സമർപ്പിക്കുകയും ചെയ്തെങ്കിലും അന്തിമ വോട്ടർ പട്ടികയിൽ പിഴവ് തിരുത്താൻ അധികൃതർ തയ്യാറായില്ല. ഇതോടെ പ്രദീപിന്റെ ഭാര്യ സിന്ധുവിന് സ്വന്തം വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പോളിംഗ് സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയാണ്.
വാർഡ് വിഭജനത്തിന് മുമ്പ് ദമ്പതികളും പഴയ 30-ാം വാർഡിലെ വോട്ടർമാരായിരുന്നു. മക്കൾ ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടർമാരാകുന്നത്. അശാസ്ത്രീയമായ വാർഡ് വിഭജനത്തെ തുടർന്ന് ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ഇരിട്ടി നഗരസഭയിൽ ഉയരുന്നത്.
