Zygo-Ad

ഇരിട്ടി പുന്നാട്ടെ പി.വി ഹൗസിന് ഇരട്ടി മധുരം; വീട്ടിലെ രണ്ട് മരുമക്കൾ കൗൺസിലർമാർ

 


ഇരിട്ടി: തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഇരട്ടി മധുരം പങ്കുവെച്ച് ഇരിട്ടിയിലെ പുന്നാട്ടുള്ള പി.വി. ഹൗസ്. ഈ വീട്ടിലെ രണ്ട് മരുമക്കളാണ് ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിവിധ നഗരസഭകളിൽ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. കേളോത്ത് അബ്ദുൽ ഖാദറിന്റെയും പി.വി. സൈനബയുടെയും മരുമക്കളാണ് ഈ നേട്ടം കൈവരിച്ചത്.

തലശ്ശേരി നഗരസഭയിൽ റാഷിദ ടീച്ചർ:

മൂത്ത മകൻ സഹീർ മാസ്റ്ററുടെ ഭാര്യയായ ടി.വി. റാഷിദ ടീച്ചർ തലശ്ശേരി നഗരസഭയിലെ ടൗൺ ഹാൾ വാർഡിൽ നിന്നാണ് വിജയിച്ചത്. നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് റാഷിദ ടീച്ചറുടെ വിജയം. ചിറക്കര കുഞ്ഞാംപറമ്പ യു.പി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഇവർ വനിതാ ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും കൂടിയാണ്. ടി.വി. അബ്ദുറഹിമാൻ മാസ്റ്ററുടേയും ഇ. സുബൈദയുടേയും മകളാണ്. ഭർത്താവ് സഹീർ എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂൾ പ്രധാന അധ്യാപകനാണ്.

ഇരിട്ടി നഗരസഭയിൽ ഷബ്ന ടീച്ചർ:

ഇളയ മകൻ ഫവാസ് പുന്നാടിന്റെ ഭാര്യ ഷബ്ന ടീച്ചറാണ് രണ്ടാമത്തെ വിജയി. ഇരിട്ടി നഗരസഭയിലെ ഉളിയിൽ വാർഡിൽ 154 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷബ്ന വിജയം ഉറപ്പിച്ചത്. നിലവിൽ ബി.എഡ്. വിദ്യാർത്ഥിനിയായ ഇവർ ഹരിതയുടെ മുൻ ജില്ലാ ഭാരവാഹിയും പേരാവൂർ മണ്ഡലം എം.എസ്.എഫ്. സെക്രട്ടറിയുമാണ്. നരയമ്പാറ സ്വദേശി പാനേരി ബഷീറിന്റേയും പാണബ്രോൻ നസീമയുടേയും മകളാണ് ഷബ്ന. ഭർത്താവ് ഫവാസ് ഇരിട്ടി എം.ജി. കോളേജിലാണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ ഭരണസമിതിയിൽ കുടുംബത്തിലെ മൂത്ത അംഗമായ സമീർ പുന്നാട് ഇരിട്ടി നഗരസഭയിലെ പുറപ്പാറ വാർഡ് കൗൺസിലറായി പ്രവർത്തിച്ചിരുന്നു. ഇതോടെ ഈ കുടുംബത്തിന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം തുടരുകയാണ്.



വളരെ പുതിയ വളരെ പഴയ