കേളകം: കണ്ണൂർ ജില്ലയിലെ കൊളക്കാട് 11 വയസ്സുകാരനെ വെള്ള ഓമ്‌നി വാനിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.
സ്കൂളിൽ പോകാൻ തയ്യാറായി നിന്ന കുട്ടി വീടിന് മുന്നിൽ വെച്ചിരുന്ന പാൽ എടുക്കാൻ പോയ സമയത്താണ് സംഭവം. ഓമ്‌നി വാനിലെത്തിയ സംഘം ഒരു വെള്ള പേപ്പർ കാണിച്ച്, "ഈ വിലാസം അറിയാമോ?" എന്ന് കുട്ടിയോട് ചോദിച്ചു. ഇതിനുപിന്നാലെ കുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്ന് കേളകം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
കുറച്ചു ദൂരം ഓമ്‌നി വാൻ മുന്നോട്ട് പോയശേഷം, കുട്ടി തന്ത്രപരമായി വാനിന്റെ ലോക്ക് തുറന്ന് പുറത്തേക്ക് ചാടി. തുടർന്ന് സമീപത്തെ പറമ്പിലൂടെ ഓടി വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കേളകം പോലീസ് സംഘത്തെ തിരിച്ചറിയുന്നതിനും അന്വേഷണം നടത്തുന്നതിനുമായി തിരച്ചിൽ ആരംഭിച്ചു.
