കൂത്തുപറമ്പ്: പഴയനിരത്ത് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഡിസംബർ 4ന് നടക്കുമെന്ന് ക്ഷേത്രം ജന. മാനേജർ ഇ. ശിവകൃഷ്ണൻ, മാനേജർ കെ. ശിവദാസൻ എന്നിവർ അറിയിച്ചു.
രാവിലെ അഞ്ചിന് നട തുറന്ന് അഭിഷേകവും ഉഷപൂജയും നടക്കും. രാവിലെ 10.30 മുതൽ ഉച്ചപൂജയും ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. വൈകിട്ട് 5ന് നട തുറക്കലും 6ന് കാർത്തിക വിളക്ക് തെളിയിക്കലും ഉത്സവച്ചടങ്ങുകളും നടക്കും. 6.15ന് ദീപാരാധനയും തായമ്പകയും, 7.30 മുതൽ അത്താഴപൂജയും വിശേഷാൽ നിറമാലയും നടക്കും.
ഉത്സവാഘോഷത്തിന്റെ ഭാഗമായി രാവിലെ 9ന് കീർത്തനാലാപനവും 10ന് ലളിതാസഹസ്രനാമ പാരായണവും ഉണ്ടാകും. വൈകിട്ട് ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭജനുകളും 6.30ന് തിരുവാതിരക്കളിയും നടക്കും. 7ന് മലയാള കലാനിലയം കൂത്തുപറമ്പ് അവതരിപ്പിക്കുന്ന തുള്ളൽ ത്രയം — ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ, പറയന്തുള്ളൽ — അരങ്ങേറും.
ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടര കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചുറ്റമ്പലത്തിന്റെ സമർപ്പണം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭഗവതിയുടെ ശ്രീകോവിൽ പുനർനിർമാണം, ക്ഷേത്രപാലകന്റെ ശ്രീകോവിൽ, നമസ്കാര മണ്ഡപം, കുളം എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഭാരവാഹികളായ വി.ഐ. രാമകൃഷ്ണൻ മൂസത്, കെ.ഐ. മനോജ്, വിജീഷ് ചെക്യാറത്ത്, പി. മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
